ചാലക്കുടി ∙ സോഫ്റ്റ്‍വെയർ എൻജിനീയറായ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പടിഞ്ഞാറെ ചാലക്കുടി മനപ്പടി കണ്ടംകുളത്തി ലൈജോയെ (38) ഡിവൈഎസ്പി സി.എസ്. ഷാഹുൽ ഹമീദ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ സൗമ്യ (33) ബുധനാഴ്ചയാണ് ഇവരുടെ വീട്ടിലെ കിടപ്പുമുറിയിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ആശുപത്രിയിലായ ലൈജോയെ ഇന്നലെ നാലരയോടെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.
ഡിവൈഎസ്പി ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷം പടിഞ്ഞാറെ ചാലക്കുടിയിലെ വീട്ടിലേക്കു കൊണ്ടുപോയി തെളിവെടുപ്പു നടത്തി. തുടർന്ന് ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അടുത്ത ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായ തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്തും.
ഭാര്യയാണ് ആദ്യം ആക്രമിച്ചതെന്ന മൊഴി ഇന്നലെയും ലൈജോ ആവർത്തിച്ചതായാണ് സൂചന. കിടപ്പുമുറിയിൽ സൗമ്യ കരുതിവച്ചിരുന്ന കത്തി ഉപയോഗിച്ച് തന്റെ കഴുത്തിനു കുത്തിയെന്നും അതേ കത്തി പിടിച്ചുവാങ്ങി കഴുത്തറുക്കുകയായിരുന്നു എന്നുമാണ് ലൈജോ ആവർത്തിക്കുന്നത്. അമേരിക്കയിൽ കംപ്യൂട്ടർ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്ന ലൈജോ ഒരു വർഷം മുൻപാണു നാട്ടിലെത്തിയത്.