െകാച്ചി ∙ കേസുകളിൽ ജഡ്ജിമാർ വിധി പറയേണ്ടതു വികാരത്തിന്റെ അടിസ്ഥാനത്തിലാകരുതെന്നു ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്. ഭയവും ധാർമിക രോഷവും നീതി നിർവഹണത്തിലെ നുഴഞ്ഞു കയറ്റക്കാരാണ്. യുക്തിയുടെ പാതയിൽ വൈകാരികതയ്ക്കു സ്ഥാനമില്ല. ഹൈക്കോടതി ജഡ്ജിമാർ നൽകിയ യാത്രയയപ്പു ചടങ്ങിൽ വിടവാങ്ങൽ പ്രസംഗം നടത്തുകയായിരുന്നു ജസ്റ്റിസ് ആന്റണി ഡൊമിനിക്.
ചില സമയങ്ങളിൽ മനുഷ്യർക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാറില്ല. താനാണു ശരിയെന്ന രീതിയിലാകും അവരുടെ പ്രവർത്തനം. മനസാക്ഷിക്കനുസരിച്ചാണു ചെയ്യുന്നതെന്നു പറഞ്ഞ് അതു ന്യായീകരിക്കും. തെറ്റു പറ്റുകയെന്നത് മാനുഷികമാണ് എന്നതിനാൽ, അത്തരക്കാരോടു സഹതാപം മാത്രമാണുള്ളത്.
വലിയ അജ്ഞതയിൽ നിന്നാണു വലിയ ആത്മവിശ്വാസമുണ്ടാവുകയെന്നാണ് പറയാറുള്ളത്. സ്വന്തം നയങ്ങൾക്കനുസരിച്ചു വിധി പറയുന്നതും ജഡ്ജിമാർക്കു ചേർന്നതല്ല. അതു നിയമ നിർമാണ സഭകളുടെ േജാലിയാണ്. അത് അവർക്ക് വിട്ടു കൊടുക്കുക. വിധികളിൽ നിയമം പ്രതിഫലിക്കണമെന്നു തിരിച്ചറിയുന്നവർ ഒരിക്കലും സ്വന്തം നയം അതിൽ ചേർക്കില്ല. സ്വന്തം നയത്തിനനുസരിച്ചു തീരുമാനമെടുക്കാമെന്ന് ഒരു ജഡ്ജി വിശ്വസിക്കുന്നുവെങ്കിൽ അത് ജുഡീഷ്യൽ വീഴ്ചയായി കണക്കാക്കണം– അദ്ദേഹം പറഞ്ഞു.