ആലപ്പുഴ ∙ എന്തിനും പോന്നൊരാളുടെ പ്രതിച്ഛായയാണ് സജി ചെറിയാനു സിപിഎമ്മിൽ. അതുകൊണ്ടുതന്നെയാണ് 2016ൽ കെ.കെ.രാമചന്ദ്രൻനായർ തിരിച്ചുപിടിച്ച മണ്ഡലം നിലനിർത്താൻ പാർട്ടി ജില്ലാ സെക്രട്ടറിയെത്തന്നെ ചെങ്ങന്നൂരിലിറക്കിയത്. രണ്ടുമാസത്തോളം നീണ്ട പ്രചാരണത്തിൽ കളം നിറഞ്ഞുകളിച്ച സജി പാർട്ടിയുടെ പ്രതീക്ഷയെ കടത്തിവെട്ടി. സജിക്കിതു രണ്ടാമങ്കമായിരുന്നു. 2006ൽ പി.സി.വിഷ്ണുനാഥിനോട് 5,132 വോട്ടിനേറ്റു വാങ്ങിയ പരാജയത്തിന് നാലിരട്ടി ഭൂരിപക്ഷത്തോടെ പ്രതികാരം.
ചെങ്ങന്നൂരിൽ ഇതിലുമുയരത്തിൽ ചെങ്കൊടി പാറിയിട്ടില്ല; ചെങ്കൊടിയെന്നല്ല ഒരു കൊടിയും. മധ്യതിരുവിതാംകൂർ രാഷ്ട്രീയം അതിന്റെ എല്ലാ വിശദാംശങ്ങളോടെയും പ്രതിഫലിക്കുന്ന കണ്ണാടിയാണ് ചെങ്ങന്നൂർ. സജിക്കിതു സ്വന്തം മണ്ണ്. എതിരാളികളിരുവരും ഇതേ നാട്ടുകാരാണെങ്കിലും ഇക്കുറി നാട്ടുവഴക്കത്തിന്റെ മർമമറിഞ്ഞത് സജി തന്നെ. ആദ്യമത്സരത്തിൽ തോറ്റ അതേ സജിയാണ് കഴിഞ്ഞ തവണ സിപിഎം വിജയത്തിന് അമരക്കാരനായതും.
ശോഭനാ ജോർജിനെ കഴിഞ്ഞ തവണ സ്ഥാനാർഥിയാക്കിയത് താൻ തന്നെയാണെന്നും അത് ഇടതുവിജയം ഉറപ്പാക്കാനാണെന്നും പൊതുവേദിയിൽ തുറന്നുപറയാൻ തയാറായ സജിയുടെ കൂസലില്ലായ്മയ്ക്കൊപ്പംനിന്നു ചെങ്ങന്നൂർ. കെ.കെ. രാമചന്ദ്രൻനായരുടെ വിയോഗത്തിൽ ചേർന്ന അനുശോചനയോഗത്തിലാണ് സജി അക്കാര്യം വെളിപ്പെടുത്തിയത്. കൂസലില്ലാത്ത സജിയുടെ പ്രതിച്ഛായയെ പൊലിപ്പിച്ചെടുത്തത് സാമൂഹിക ഇടപെടലുകളാണ്.
കരുണാ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ ചെയർമാൻ എന്ന നിലയിൽ സാന്ത്വനപരിചരണരംഗത്തു നടത്തിയ നേതൃപരമായ ഇടപെടലുകൾ സജി ചെറിയാന്റെ മറ്റൊരു മുഖം നാട്ടുകാർക്കു മുന്നിൽ വരച്ചുകാട്ടി. ജില്ലാ പുനരധിവാസ കേന്ദ്ര പരിചരണകേന്ദ്രത്തിന്റെയും അധ്യക്ഷനാണ് സജി.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ ഒന്നാം വർഷ പ്രീഡിഗ്രി ക്ലാസ് പ്രതിനിധി വളർന്ന് അൻപത്തിനാലാം വയസ്സിൽ ആദ്യമായി നിയമസഭാംഗമാകുമ്പോൾ സജി ചെറിയാൻ മുന്നോട്ടുവയ്ക്കുന്നത് വലിയ സാധ്യതകളാണ്. മധ്യതിരുവിതാംകൂറിലെ സാമുദായികസമവാക്യങ്ങളെ ഫലപ്രദമായി തിരിച്ചറിഞ്ഞ് പാർട്ടിക്കായി പ്രയോജനപ്പെടുത്തിയതിന്റെ ആനുകൂല്യങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടാകാം. വരാപ്പുഴയും കെവിൻ സംഭവവുമെല്ലാം കല്ലേറായ കാലത്ത് കവചമൊരുക്കിയ വിജയത്തിന് സജിയോട് പിണറായി വിജയൻ കടപ്പാട് കാണിക്കാതിരിക്കില്ല.
കൊഴുവല്ലൂർ തെങ്ങുംതറയിൽ റിട്ടയേർഡ് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ ടി.ടി.ചെറിയാന്റെയും പുന്തല ഗവ. യുപി സ്‌കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന ശോശാമ്മ ചെറിയാന്റെയും മകനായി 1965 ഏപ്രിൽ 12ന് ആണു ജനനം. മാവേലിക്കര ബിഷപ് മൂർ കോളജിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിയമ ബിരുദം നേടി.
എട്ടു വർഷക്കാലം സിപിഎം ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായിരുന്നു. തുടർന്ന് ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലുമെത്തി. 2014 മുതൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ്. കഴിഞ്ഞ സമ്മേളനത്തിൽ വീണ്ടും ജില്ലാ സെക്രട്ടറിയായതിന്റെ പിന്നാലെയാണു ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായത്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ക്രിസ്റ്റീന എസ്.ചെറിയാനാണു ഭാര്യ. മക്കൾ: ഡോ.നിത്യ, ഡോ.ദൃശ്യ, ശ്രവ്യ.