ആന്റണി ഡൊമിനിക് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ചുമതലയേറ്റു

തിരുവനന്തപുരം∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് ചുമതലയേറ്റു. ആക്ടിങ് ചെയർമാൻ പി.മോഹനദാസ് ചുമതല കൈമാറി. കമ്മിഷൻ അംഗം കെ.മോഹൻകുമാർ, നിയമ സെക്രട്ടറി ജി.ബി.ഹരീന്ദ്രനാഥ്, കമ്മിഷൻ സെക്രട്ടറി എം.എച്ച്.മുഹമ്മദ് റാഫി എന്നിവർ പങ്കെടുത്തു. തുടർന്ന് അദ്ദേഹം ഗവർണർ പി.സദാശിവത്തെ സന്ദർശിച്ചു. മൂന്നു മാസം മുൻപു വാങ്ങിയ പുതിയ ഇന്നോവ ക്രിസ്റ്റ കാർ കമ്മിഷൻ അധ്യക്ഷനു നൽകാൻ നിയമ സെക്രട്ടറി ഉത്തരവു നൽകി.

നിലവിൽ പുതിയ കാർ ആക്ടിങ് ചെയർമാനായിരുന്ന മോഹനദാസാണ് ഉപയോഗിക്കുന്നത്. കമ്മിഷൻ സെക്രട്ടറി ഉപയോഗിക്കുന്ന കാർ മോഹനദാസിനു നൽകാനും നിയമ സെക്രട്ടറി നിർദേശിച്ചു. നേരത്തേ ഇതു മോഹനദാസ് ഉപയോഗിച്ചിരുന്നു. അടുത്തിടെ വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട പ്രസ്താവനയുടെ പേരിൽ മോഹനദാസിനെ മുഖ്യമന്ത്രി അടക്കമുള്ളവർ വിമർശിച്ചിരുന്നു.