Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക് പോസ്റ്റ്: എംഎൽഎയുടെ പരാതിയിൽ അറസ്റ്റ്

Veena George

പത്തനംതിട്ട ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ വീണാ ജോർജ് എംഎൽഎയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്നും മത സ്പർധ വളർത്താൻ ശ്രമിച്ചുവെന്നുമാണ് എംഎൽഎയുടെ പരാതി. കേസിൽ ഇലന്തൂർ സ്വദേശി സൂരജിനെ (38) പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.

ബിജെപി ഇലന്തൂർ എന്ന ഫെയ്സ്ബുക് പേജിലാണ് എംഎൽഎയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പോസ്റ്റ് വന്നത്. എംഎൽഎ ഒരു പ്രത്യേക സഭാ വിഭാഗത്തിന്റെയും ബിസിനസ് സ്ഥാപനത്തിന്റെയും സൗകര്യങ്ങൾ ഉപയോഗിക്കുകയാണെന്നും സൗന്ദര്യ കാര്യത്തിൽ ശ്രദ്ധിക്കുന്ന എംഎൽഎ നാട്ടിലെ കാര്യങ്ങളും ശ്രദ്ധിക്കണമെന്നുമാണ് ഫെയ്സ്ബുക് പോസ്റ്റിലെ പരാമർശം.

വികസന വിഷയം ഉന്നയിച്ചതിന്റെ പേരിലല്ല, സമുദായ സ്പർധ വളർത്താൻ ശ്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തതിനെതിരെയാണ് കേസ് കൊടുത്തതെന്നു വീണാ ജോർജ് ഫെയ്സ്ബുക്കിൽ എഴുതി. ബസ് സ്റ്റാൻഡ് നഗരസഭയുടെ കീഴിലാണ്, ഇതു പരിപാലിക്കാൻ എംഎൽഎയ്ക്കു കഴിയില്ല. ബസ് സ്റ്റാൻഡിന്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ ഇടതു മുന്നണി പലതവണ സമരം നയിച്ചതാണ്. ഇക്കാര്യങ്ങൾ അറിയാത്തവരല്ല അപവാദ പ്രചാരണം നടത്തുന്നതെന്നും വീണ പറഞ്ഞു.

വികസന വിഷയങ്ങൾ ഉന്നയിക്കുന്നത് ജനാധിപത്യപരമാണെന്നു തനിക്കറിയാം. 16 വർഷം മാധ്യമ പ്രവർത്തക എന്ന നിലയിൽ വികസന വിഷയങ്ങൾ ഉന്നയിച്ചു ജനങ്ങൾക്കൊപ്പം നിന്നയാളാണ് താൻ. എന്നാൽ, സ്ത്രീ എന്ന നിലയിൽ തന്നെ അപമാനിക്കാനാണ് ഫെയ്സ്ബുക് പോസ്റ്റിൽ ശ്രമിച്ചത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നു മേനകാ ഗാന്ധി തന്നെ പറഞ്ഞിട്ടുള്ളത് ഓർമിപ്പിക്കുകയാണെന്നും എംഎൽഎ പറഞ്ഞു. പൊതുപ്രവർത്തന രംഗത്തുള്ള സ്ത്രീകൾക്കു വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു.