കൊച്ചി∙ പ്രാഥമിക വിദ്യാഭ്യാസം പുനഃക്രമീകരിച്ച് എൽപി സ്കൂളുകളിൽ അഞ്ചാം ക്ലാസും യുപി സ്കൂളിൽ എട്ടാം ക്ലാസും അനുവദിക്കാൻ സ്കൂൾ മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി. അതേസമയം, ഭിന്നശേഷി വിദ്യാർഥിക്കു പഠനം തുടരാൻ കോഴിക്കോട് ഓമശേരി വെളിമണ്ണ മാപ്പിള യുപി സ്കൂളിൽ എട്ടാം ക്ലാസ് അനുവദിക്കുന്ന കാര്യം വിദ്യാഭ്യാസ അധികൃതർ ഉറപ്പാക്കണമെന്നും ഒരാഴ്ചയ്ക്കകം ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചു.
കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ എൽപി, യുപി സ്കൂളുകൾ പുനഃക്രമീകരിക്കാൻ സർക്കാർ തയാറാകുന്നില്ലെന്ന് ആരോപിച്ചാണു നൂറ്റിമുപ്പതിലേറെ മാനേജ്മെന്റുകൾ കോടതിയിലെത്തിയത്. എന്നാൽ പ്രാദേശികമായി ആവശ്യമില്ലെന്നു കണ്ടെത്തിയ മേഖലകളിലെ സ്കൂളുകളിൽ അപ്ഗ്രഡേഷനു സാധ്യതയില്ലെന്നു കോടതി വ്യക്തമാക്കി.
ഓരോ സ്ഥലത്തെയും വിദ്യാഭ്യാസ ആവശ്യം വിലയിരുത്തി അംഗീകൃത ഏജൻസികൾ തയാറാക്കിയ സ്കൂൾ മാപ്പിങ്ങിൽ അപാകത ചൂണ്ടിക്കാട്ടാൻ ഹർജിക്കാർക്കു കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. വിദ്യാർഥികൾക്ക് അടിയന്തരമായി ടിസി നൽകണമെന്നും മറ്റു സ്കൂളുകളിൽ ഇവരുടെ പ്രവേശനം അധികൃതർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. ഇവരുടെ പ്രവേശനം കൂടി കണക്കിലെടുത്ത് ആറാം പ്രവൃത്തി ദിനത്തിലെ കണക്കെടുപ്പ് പുനഃപരിശോധിക്കണം.