Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാള പഠനം ഉറപ്പാക്കാൻ പരിശോധകരെത്തുന്നു; സംസാരിക്കുന്നത് വിലക്കിയാൽ 5,000 രൂപ പിഴ

MALAYALAM-LETTERS

മലപ്പുറം ∙ സംസ്‌ഥാനത്തെ എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം പഠിപ്പിക്കുന്നു എന്ന് ഉറപ്പു വരുത്താൻ പരിശോധന തുടങ്ങി. ഏതെങ്കിലും സ്‌കൂളുകളിൽ കുട്ടികൾ മലയാളം സംസാരിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിൽ പ്രധാനാധ്യാപകൻ 5,000 രൂപ പിഴയൊടുക്കണം. സിബിഎസ്‌ഇ, സിഐഎസ്‌സിഇ തുടങ്ങിയ ബോർഡുകളുമായി അഫിലിയേറ്റ് ചെയ്‌ത സ്‌കൂളുകളും അൺ എയ്ഡഡ് സ്‌കൂളുകളും മൂന്നു തവണ വീഴ്‌ച വരുത്തിയാൽ സ്‌കൂളിനുള്ള നിരാക്ഷേപ പത്രം (എൻഒസി) റദ്ദാക്കാനാണു നിർദേശം.

എല്ലാ സ്‌കൂളുകളിലും പരിശോധന പൂർത്തിയാക്കി 31ന് അകം റിപ്പോർട്ട് നൽകണം. പരിശോധന നടത്താനായി റവന്യു, വിദ്യാഭ്യാസ ജില്ലാ തലത്തിൽ പാനൽ രൂപീകരിച്ചു. ശ്രേഷ്‌ഠഭാഷാ പദവി ലഭിച്ച മലയാളത്തിന്റെ വ്യാപനത്തിനായി ഉണ്ടാക്കിയ മലയാള ഭാഷാ പഠന ചട്ടങ്ങളിലെ വ്യവസ്‌ഥകൾ സ്‌കൂളുകളിൽ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താനാണു പരിശോധന. ഇത് എല്ലാ വർഷവും അധ്യയന വർഷം തുടങ്ങി മൂന്നു മാസത്തിനകം നടത്തും.

റവന്യു ജില്ലയിൽ അഞ്ച് മലയാളം അധ്യാപകരടങ്ങിയ പാനലാണ് സ്‌കൂളുകളിൽ പരിശോധന നടത്തുന്നത്. പ്രൈമറി വിഭാഗത്തിൽകൂടി പരിശോധന നടത്തേണ്ടതിനാൽ വിദ്യാഭ്യാസ ജില്ലാ പാനലിൽ ഏഴ് മലയാളം അധ്യാപകരുണ്ടാകും. സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിൽ നിന്നുള്ളവരായിരിക്കും ഇവർ.

ചില സ്‌കൂളുകളിൽ മലയാളം സംസാരിച്ചാൽ കുട്ടികളിൽനിന്നു പിഴ ഈടാക്കുന്ന രീതി നിലവിലുണ്ട്. ഇംഗ്ലിഷ് മാത്രമെ സംസാരിക്കാവൂ എന്നു നിഷ്‌കർഷിക്കുന്ന സ്‌കൂളുകളുമുണ്ട്. പരിശോധനയിൽ ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാലോ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകളെന്തെങ്കിലും നോട്ടിസ് ബോർഡിൽ പതിച്ചിട്ടുണ്ടെങ്കിലോ പരിശോധകർ നടപടിക്കു ശുപാർശ ചെയ്യും. ഒന്നു മുതൽ പത്തു വരെ എല്ലാ ക്ലാസുകളിലും മലയാളം നിർബന്ധിത ഭാഷയായി പഠിപ്പിക്കണമെന്നാണു ചട്ടം.