Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിഷ്കരിച്ച മെനു റെഡി, സർക്കാർ വക ആകെ എട്ടു രൂപ; ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ

school-mid-day-meal (ഫയൽ ചിത്രം)

തിരുവനന്തപുരം∙ ആവശ്യത്തിനു പണം അനുവദിക്കാത്തതിനാൽ സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി പ്രതിസന്ധിയിലേക്ക്. കുട്ടികൾക്കു നൽകേണ്ട ഭക്ഷണത്തിന്റെ മെനു വിപുലീകരിച്ചെങ്കിലും തുക കൂട്ടി നൽകാൻ സർക്കാർ തയാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 9,10 ക്ലാസുകളിലെ കുട്ടികൾക്കു ഭക്ഷണത്തിനു പണം അനുവദിക്കുന്നുമില്ല. 

പ്രതിദിനം ഒരു കുട്ടിക്ക് നൽകുന്ന എട്ടു രൂപ ഒന്നിനും തികയില്ലെന്നു പ്രധാന അധ്യാപകർ പരാതിപ്പെടുന്നു. 150 കുട്ടികൾ വരെ പഠിക്കുന്ന സ്കൂളുകളിൽ , ഒരുകുട്ടിക്ക് എട്ടു രൂപയാണ് ഉച്ചഭക്ഷണത്തിനു നൽകുന്നത്. 150നു മുകളിൽ കുട്ടികളുണ്ടെങ്കിൽ തുക ഏഴായി കുറയും. 9,10 ക്ലാസുകളിൽ പഠിക്കുന്നവർക്ക് സൗജന്യ ഭക്ഷണമില്ല.

എന്നാൽ ഈ വിദ്യാർഥികളും ഭക്ഷണം കഴിക്കാനെത്തുന്നതോടെ ചെലവ് പിന്നെയും കൂടും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നു വരുന്ന ഇവർക്കു ഭക്ഷണം നൽകില്ലെന്നു പറയാൻ ഒരു അധ്യാപകനും കഴിയില്ല. മറ്റു വിദ്യാർഥികളുടെ ഭക്ഷണത്തിൽ നിന്ന് അഡ്ജസ്റ്റ് ചെയ്താണ് ഇവർക്കു ഭക്ഷണം കൊടുക്കുന്നത്. 

ഓരോ കുട്ടിക്കും നിശ്ചിത തുകയ്ക്കു പുറമേ സർക്കാർ അരി നൽകുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നവർക്കുള്ള വേതനവും പുറമേയാണ്. മുൻപു വിറക് അടുപ്പിൽ പാചകം ചെയ്യാൻ അനുവദിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഗ്യാസ് അടുപ്പിൽ തന്നെ പാചകം ചെയ്യണമെന്നു നിർബന്ധമാണ്.

എട്ടു രൂപയ്ക്കു പച്ചക്കറി, മുട്ട, പാൽ, പാചക എണ്ണ, പലവ്യഞ്ജനങ്ങൾ എന്നിവ വാങ്ങണം. ഈ കുറഞ്ഞ തുക കൊണ്ട് ഒരു ഒഴിച്ചു കറിയും മറ്റൊരു കറിയുമാണ് ഇതുവരെ ചോറിനൊപ്പം നൽകിയിരുന്നത്. പരിഷ്കരിച്ച മെനു പ്രകാരം രണ്ടു കറികളും ഒരു ഒഴിച്ചുകറിയും നൽകണം. വിലക്കയറ്റവും ഇന്ധനവില വർധനയും കൂടിയാകുമ്പോൾ, എട്ടു രൂപ തികയില്ലെന്നു പ്രധാന അധ്യാപകർ പറയുന്നു. 

അധ്യാപകരും നാട്ടുകാരും ജനപ്രതിനിധികളും നൽകുന്ന സംഭാവനകൾ കൂടി ചേർത്താണ് ഇപ്പോൾ ഉച്ചഭക്ഷണം നൽകുന്നത്. ഉച്ചഭക്ഷണത്തിനു പുറമേ ആഴ്ചയിൽ ഒരുമുട്ടയും രണ്ടു തവണ പാലുമാണ് കുട്ടികൾക്ക് നൽകേണ്ടത്. മുട്ട കഴിക്കാത്തവർക്ക് നേന്ത്രപ്പഴവും. ഇതിനെല്ലാം എവിടെ നിന്നു പണം കണ്ടെത്തുമെന്നാണ് അധ്യാപകരുടെ ചോദ്യം.

9,10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു കൂടി ഉച്ചഭക്ഷണം നൽകാനുള്ള പണം സംസ്ഥാന സർക്കാർ അനുവദിക്കണമെന്ന നിലപാടിലാണ് സിപിഐ അനുകൂല അധ്യാപക സംഘടനയായ എകെഎസ്ടിയു.