തിരുവനന്തപുരം∙ തോട്ടം മേഖലയുടെ ദീർഘകാല ആവശ്യമായിരുന്ന നികുതി ഒഴിവാക്കലിനു മന്ത്രിസഭായോഗം അംഗീകാരം നൽകി. തോട്ടം മേഖലയ്ക്ക് ഏർപ്പെടുത്തിയിരുന്ന കാർഷികാദായ നികുതിക്ക് അഞ്ചുവർഷത്തേക്കു മൊറട്ടോറിയം പ്രഖ്യാപിക്കാനും തീരുമാനിച്ചു. അതേസമയം, തോട്ടങ്ങൾക്കുള്ള ഭൂനികുതിയിൽ ഇളവ് അനുവദിച്ചിട്ടില്ല. തോട്ടം മേഖലയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഏറെക്കാലം മുൻപു സമർപ്പിച്ച ശുപാർശകൾ പരിഗണിച്ചാണു തീരുമാനം. ഇതു സംബന്ധിച്ചു മുഖ്യമന്ത്രി ഇന്നു നിയമസഭയിൽ ചട്ടം 300 പ്രകാരം പ്രസ്താവന നടത്തും.
തോട്ടം തൊഴിലാളികൾ താമസിക്കുന്ന പഴയ ലയങ്ങൾ പൊളിച്ചുമാറ്റി പുതിയവ നിർമിക്കും. ഇതിനാവശ്യമായ സ്ഥലവും ചെലവിന്റെ പകുതിയും തോട്ടം ഉടമകളും ബാക്കി തുക സർക്കാരും നൽകുന്ന രീതിയിലാകും പദ്ധതി. തോട്ടങ്ങളിൽനിന്നു റബർ മരങ്ങൾ മുറിക്കുമ്പോൾ ക്യുബിക് മീറ്ററിന് 2500 രൂപവീതം സർക്കാരിനു സീനിയറേജ് നൽകണമെന്ന വ്യവസ്ഥയും റദ്ദാക്കും.
റബർ, തേയില, കാപ്പി, ഏലം, കൊക്കോ ഉൾപ്പെടെ തോട്ടവിളകൾക്കു ഹെക്ടറിന് 700 രൂപ വീതമാണു കേരളം തോട്ടം നികുതി ചുമത്തിയിരുന്നത്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത നികുതിയായിരുന്നു ഇത്. ഇതിനു പുറമെ ലാഭത്തിൽനിന്നു 30% കാർഷികാദയ നികുതി ഇനത്തിലും സർക്കാർ ഇൗടാക്കിയിരുന്നു. 30% കേന്ദ്ര സർക്കാരും ആദായനികുതിയിനത്തിൽ ഇൗടാക്കുന്നുണ്ട്. കേരളം മാത്രമാണു തോട്ടം മേഖലയിൽ കാർഷികാദായ നികുതി ഇൗടാക്കിയിരുന്നത്. തമിഴ്നാടും കർണാടകയും വർഷങ്ങൾക്കു മുൻപേ ഇതു നിർത്തിയിരുന്നു.
സംസ്ഥാനത്തേക്കു പ്രതിവർഷം പതിനായിരം കോടിയുടെ വരുമാനവും മൂന്നര ലക്ഷം പേർക്കു നേരിട്ടു തൊഴിലും നൽകുന്ന തോട്ടം മേഖല, ഉൽപാദന മാന്ദ്യത്തിനു പുറമെ നികുതികളുടെ അമിതഭാരവുമായതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു. മുൻ സർക്കാർ നിയോഗിച്ച സമിതി ശുപാർശകൾ സമർപ്പിച്ചു വർഷങ്ങൾ കഴിഞ്ഞെങ്കിലും സർക്കാർ തീരുമാനമെടുത്തിരുന്നില്ല. തോട്ടം മേഖലയുടെ പുനരുദ്ധാരണം സംബന്ധിച്ച് എൻ.കൃഷ്ണൻനായർ അധ്യക്ഷനായ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സെക്രട്ടറിതല സമിതി രൂപീകരിച്ചത്.