ന്യൂഡൽഹി∙ കയറ്റുമതി ആവശ്യത്തിനായുള്ള സ്വാഭാവിക റബറിന്റെ ഇറക്കുമതിയിൽ തുറമുഖങ്ങളിലെ നിയന്ത്രണത്തിൽ ഇളവ് വരുത്തിയതായി കേന്ദ്ര സർക്കാർ. വിദേശ രാജ്യങ്ങളിൽ നിന്നു കൊണ്ടു വന്ന്, സംസ്കരിച്ച ശേഷം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന റബറിനാണ് ഇളവനുവദിച്ചിരിക്കുന്നതെന്നു കേന്ദ്ര വാണിജ്യ സഹമന്ത്രി സി.ആർ. ചൗധരി ലോക്സഭയിൽ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചു.
കയറ്റുമതി ആവശ്യത്തിനുള്ള റബർ ആയതിനാൽ ഇവ ആഭ്യന്തര വിപണിയിൽ എത്തില്ലെന്നും റബർ വില കുറയ്ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആഭ്യന്തര വിപണിയിലേക്കെത്തുന്ന റബറിനു മേൽ തുറമുഖ നിയന്ത്രണം തുടരുമെന്നും ഇറക്കുമതി തീരുവ 2015 ൽ വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.