Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കാൻ വഴിയൊരുങ്ങുന്നു

plantation-rubber

തിരുവനന്തപുരം ∙ ഉപേക്ഷിക്കപ്പെട്ടതും നിലവിൽ കൃഷിയില്ലാത്തതുമായ തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കുകയോ തൊഴിലാളികളുടെ സഹകരണ സംഘങ്ങളെ ഏൽപിക്കുകയോ ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തോട്ടം മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്ലാന്റേഷൻ നയത്തിനു രൂപം നൽകുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

തോട്ടം നികുതി പൂർണമായി ഒഴിവാക്കാനും തോട്ടം മേഖലയിൽനിന്നു കാർഷികാദായ നികുതി ഈടാക്കുന്നതു മരവിപ്പിക്കാനുമുള്ള മന്ത്രിസഭാ തീരുമാനവും ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിൽ അദ്ദേഹം വിശദീകരിച്ചു. തോട്ടങ്ങൾ ഏറ്റെടുക്കുന്ന സഹകരണ സംഘങ്ങൾക്കു സർക്കാർ ധനസഹായം നൽകും.

ഇതല്ലെങ്കിൽ, സന്നദ്ധതയുള്ള സ്വകാര്യ കമ്പനികൾക്കു വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ, തോട്ടങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുത്തരുതെന്ന വ്യവസ്ഥയിൽ കൈമാറാനുള്ള നിയമനിർമാണവും നടത്തും.

തോട്ടങ്ങളെ ഇഎഫ്എൽ (പരിസ്ഥിതി ദുർബല) നിയമത്തിന്റെ പരിധിയിൽ നിന്നു നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോട്ടങ്ങളുടെ പാട്ടക്കാലാവധി തീരുന്ന മുറയ്ക്കു പുതുക്കി നൽകാനുള്ള കാലതാമസം ഒഴിവാക്കും. ഇതിനു തടസ്സം നിൽക്കുന്ന കാര്യങ്ങൾ പരിശോധിച്ചു ശുപാർശ നൽകാൻ നിയമ സെക്രട്ടറിയോടു നിർദേശിച്ചു. 

ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കഴിഞ്ഞ സെപ്റ്റംബറിൽ സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണു സർക്കാരിന്റെ തീരുമാനങ്ങൾ.

തൊഴിലാളികൾക്ക് വേതനപരിഷ്കാരം, മെച്ചപ്പെട്ട താമസം

തോട്ടം തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. തൊഴിലാളികൾക്ക് ഇഎസ്ഐ പദ്ധതി ബാധകമാക്കുന്നതു തൊഴിൽ വകുപ്പു പരിഗണിക്കും. തോട്ടങ്ങളിലെ ലയങ്ങളെ കെട്ടിടനികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർദേശം തദ്ദേശസ്ഥാപനങ്ങൾക്കു നൽകി. ലയങ്ങൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുന്നതു പ്രായോഗികമല്ലാത്തതിനാൽ പാർപ്പിട പദ്ധതിയായ ‘ലൈഫി’ൽ ഉൾപ്പെടുത്തി പുതിയവ നിർമിക്കും.