Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്തിയുടെ ലഭ്യത മൂന്നിരട്ടിയായി; ട്രോളിങ് നിരോധന കാലത്തിൽ മാറ്റം വേണമെന്നു സിഎംഎഫ്ആർഐ

Fish

കൊച്ചി ∙ കേരളത്തിൽ ഇടിഞ്ഞുകൊണ്ടിരുന്ന സമുദ്രമൽസ്യോൽപാദനം കഴിഞ്ഞ വർഷം 12% വർധിച്ചുവെന്നു സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിൽ കണ്ടെത്തി. കഴിഞ്ഞ വർഷം മത്തിയുടെ ലഭ്യത മൂന്നിരട്ടി വർധിച്ചു. ഇന്ത്യയിലാകെ മൽസ്യ ലഭ്യതയിൽ വർധനയുണ്ട്. ചരിത്രത്തിലെ രണ്ടാമത്തെ വലിയ മീൻ ലഭ്യതയാണ് 2017ൽ കണ്ടത്. കേരളതീരത്തു നിന്ന് 2017ൽ 5.85 ലക്ഷം ടൺ മൽസ്യമാണു പിടിച്ചത്. അതിൽ മത്തി മാത്രം 1.27 ലക്ഷം ടൺ. 2016ൽ 45000 ടൺ മാത്രമായിരുന്ന സ്ഥാനത്താണിത്. കേരളത്തിൽ മത്തി കൂടിയപ്പോൾ ആന്ധ്രയിലും തമിഴ്നാട്ടിലും മത്തി കുറഞ്ഞു.

മത്തിയുടെ വരവു കൂടിയതോടെ മീൻപിടിത്തത്തിൽ കേരളം ഇന്ത്യയിൽ മൂന്നാം സ്ഥാനത്തെത്തി. ഗുജറാത്ത് ഒന്നും തമിഴ്നാട് രണ്ടും സ്ഥാനത്തുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയാകെ 38.3 ലക്ഷം ടൺ മൽസ്യമാണു പിടിച്ചത്. 2016 നേക്കാൾ 5.6% വർധന. കേരളത്തിൽ അയലയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. നെയ്മീൻ, മാന്തൽ, കൊഴുവ, ചെമ്പല്ലി എന്നിവയും കുറഞ്ഞു. എന്നാൽ, മത്തിയോടൊപ്പം ചെമ്മീൻ, തിരിയാൻ, കണവ, കിളിമീൻ എന്നിവയും കൂടി. ഓഖി ദുരന്തം മീൻ പിടിത്തത്തിൽ കേരളത്തിനു കനത്ത നഷ്ടമാണു വരുത്തിയതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസംബറിൽ 35000 ടൺ മൽസ്യം കുറവുണ്ടായി.

821 കോടിയുടെ നഷ്ടമാണിത്. കേരളത്തിൽ ലഭിച്ച മൽസ്യത്തിന്റെ മൂല്യം ലാൻഡിങ് സെന്ററുകളിൽ 52431 കോടിയും ചില്ലറ വിൽപന കേന്ദ്രങ്ങളിൽ 78408 കോടിയുമാണ്. ശരാശരി വില ലാൻഡിങ് കേന്ദ്രങ്ങളിൽ കിലോഗ്രാമിന് 137 രൂപയും ചില്ലറ വിൽപന കേന്ദ്രങ്ങളിൽ 204 രൂപയുമാണ്. സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്സസ്‍ അസസ്മെന്റ് വിഭാഗം തയാറാക്കിയ കണക്കുകൾ ഡോ. ടി.വി. സത്യാനന്ദൻ വിശദീകരിച്ചു. കടലിന്റെ അടിത്തട്ടിലുള്ള മൽസ്യങ്ങളുടെ പ്രജനനകാലം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ്. അതിനാൽ ട്രോളിങ് നിരോധനം ജൂൺ, ജൂലൈ മാസങ്ങൾക്കു പകരം സെപ്റ്റംബറിലേക്കു മാറ്റുകയോ അല്ലെങ്കിൽ രണ്ടു തവണയായി നടപ്പാക്കുകയോ ചെയ്യുന്നതാണു ശാസ്ത്രീയമായി ശരിയെന്നു ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. അയല, മത്തി പോലുള്ള ഉപരിതല മൽസ്യങ്ങളുടെ പ്രജനനകാലമാണു ജൂൺ, ജൂലൈ.

കിളിമീൻ പോലുള്ള മൽസ്യങ്ങളുടെ പ്രധാന പ്രജനനകാലം സെപ്റ്റംബർ, ഒക്ടോബറാണ്. ഇക്കാര്യം ഗവൺമെന്റിനെ അറിയിച്ചിട്ടുണ്ടെന്നു ഡയറക്ടർ പറഞ്ഞു. കേരളത്തിൽ അരലക്ഷം ലൺ കരിക്കാടി ചെമ്മീൻ മൺസൂൺ കാലമായ ‍ജൂൺ, ജൂലൈ മാസങ്ങളിൽ ലഭിച്ചിരുന്നു. ട്രോളിങ് നിരോധനം വന്നതോടെ കരിക്കാടി ലഭ്യത നാമമാത്രമായി എന്നും അദ്ദേഹം പറഞ്ഞു.