യൂട്ടാ (യുഎസ്)∙ കേരളം പെരുമഴയിൽ നനയുമ്പോൾ യുഎസ് സംസ്ഥാനമായ യൂട്ടായിലെ തടാകത്തിലും ഒരു മഴ പെയ്തു– മീൻമഴ! യൂട്ടാ തടാകത്തിൽ പെയ്ത ഈ പ്രത്യേക ‘മഴ’യിൽ ആയിരക്കണക്കിനു മീൻകുഞ്ഞുങ്ങളാണ് ആകാശത്തിൽനിന്നു വെള്ളത്തിലെത്തിയത്. ഈ വർഷമല്ല, എല്ലാ വർഷവും ഇതുപോലെ മീൻമഴയുണ്ടാകുന്ന സ്ഥലമാണു യൂട്ടാ.
വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദമാണു മലയിടുക്കുകളോടു ചേർന്നുള്ള യൂട്ടാ തടാകം. ഇവിടെ കാഴ്ച കാണാൻ വരുന്നവർ മീൻ പിടിച്ചു പാകം ചെയ്തു ഭക്ഷിച്ചാണു മടങ്ങുക. ടൂറിസത്തിന്റെ ഭാഗമാണിത്. ഇങ്ങനെ കുറയുന്ന മീനുകളുടെ എണ്ണം പരിഹരിക്കാൻ അധികൃതർ കണ്ടെത്തിയ വഴിയാണു മീൻമഴ. തടാകത്തിനു മുകളില്‍ നിലയുറപ്പിച്ച വിമാനത്തില്‍നിന്നു ആയിരക്കണക്കിനു മീനുകളെ താഴേക്കു വര്‍ഷിക്കുന്നതാണു രീതി. ഒന്നു മുതൽ മൂന്നു സെന്റിമീറ്റർ വരെ നീളമുള്ള മത്സ്യക്കുഞ്ഞുങ്ങളെയാണു നിക്ഷേപിക്കുന്നത്.
എല്ലാ വർഷവും ഓഗസ്റ്റിലുണ്ടാകുന്ന മീൻമഴ കാണാൻ ഇത്തവണയും നിരവധി പേരാണ് എത്തിയത്. റോഡിലൂടെയും മറ്റും എത്തിക്കുന്നതിനേക്കാൾ മീനുകൾ അതിജീവിക്കാനുള്ള സാധ്യത ആകാശമാർഗം നിക്ഷേപിക്കുന്നതാണെന്നു യൂട്ടാ ഡിവിഷൻ ഓഫ് വൈൽഡ്‌ലൈഫ് റിസോഴ്സസ് പറയുന്നു. മീൻമഴയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.