Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മട്ടന്നൂരിൽ ബിജെപി–സിപിഎം അക്രമം: ഏഴു പേർക്കു പരുക്ക്

bjp-cpm-logo

മട്ടന്നൂർ (കണ്ണൂർ) ∙ ബിജെപി–സിപിഎം അക്രമത്തിൽ ഏഴു പേർക്കു പരുക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്നിനു മട്ടന്നൂർ നഗരത്തിൽ ഇരിട്ടി റോഡിലാണ് സംഘർഷം. സിപിഎം പ്രവർത്തകരായ എടവേലിക്കലിലെ പി.ലതീഷ്‌ (30), സഹോദരൻ ലനീഷ്‌ (28), എൻ.ശരത്‌ (23), ടി.ആർ.സായുഷ്‌ (33) എന്നിവരെയും ബിജെപി പ്രവർത്തകരായ നെല്ലൂന്നിയിലെ പി.വി.സച്ചിൻ (24), മട്ടന്നൂർ കൊക്കയിലിലെ കെ.വി.സുജി (21), നീർവേലിയിലെ പി.വി.വിജിത്ത് (20) എന്നിവരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതര പരുക്കുള്ള ലനീഷിനെ കോഴിക്കോട്‌ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കു മാറ്റി.

കാറിൽ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവർത്തകരെ രണ്ടു ബൈക്കിൽ എത്തിയ ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്നു സിപിഎം നേതൃത്വം പറയുന്നു. അതേസമയം, ബിജെപി പ്രവർത്തകർ രണ്ടു ബൈക്കുകളിലായി ഇരിട്ടി ഭാഗത്തേക്കു പോകുന്നതിനിടെ കാറിലെത്തിയ സിപിഎം പ്രവർത്തകർ തടഞ്ഞുനിർത്തി വെട്ടിപ്പരുക്കേൽപിക്കുകയായിരുന്നുവെന്നു ബിജെപി നേതൃത്വം ആരോപിച്ചു. നാട്ടുകാരാണ്‌ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്‌. ഒരു വാളും ബൈക്കും സംഭവസ്ഥലത്തുനിന്നു പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. സംഘർഷസാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തിരക്കേറിയ റോഡിൽ ചാടിവീണ്‌ അക്രമം നടത്തിയത് പരിശീലനം നേടിയ ആർഎസ്‌എസ്‌ ക്രിമിനൽസംഘമാണെന്നാണ്‌ അക്രമത്തിന്റെ സ്വഭാവം സൂചിപ്പിക്കുന്നതെന്നു സിപിഎം മട്ടന്നൂർ ഏരിയാകമ്മിറ്റി കുറ്റപ്പടുത്തി.

മട്ടന്നൂരിലെ സംഘർഷം സിപിഎം ബോധപൂർവം സൃഷ്ടിച്ചതാണെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചു. മട്ടന്നൂരിലും പരിസരങ്ങളിലും കുറേ നാളായി ബിജെപി പ്രവർത്തകരെ സിപിഎം ആക്രമിക്കുന്നു. സമാധാനം തകർക്കാനുള്ള നീക്കം തിരിച്ചറിയണമെന്നും മണ്ഡലം കമ്മിറ്റി പറഞ്ഞു.