സൈനികന്റെ വീടാക്രമിച്ച സംഭവം: പ്രതികൾ റിമാൻഡിൽ

പുത്തൂരിൽ സൈനികന്റെ വീടാക്രമിച്ച സംഭവത്തിൽ കോടതി റിമാൻഡ് ചെയ്ത അജിഖാൻ, ഷാനവാസ്, അൽ അമീൻ, നിസാം, റിൻഷാദ്.

പുത്തൂർ (കൊല്ലം)∙ സൈനികന്റെ വീടാക്രമിച്ച സംഭവത്തിൽ പിടിയിലായ അഞ്ചു പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. തെക്കുംപുറം തേമ്പ്ര സതീഷ് നിലയത്തിൽ വിഷ്ണു(26)വിന്റെ വീട് ആക്രമിച്ച സംഭവത്തിൽ പിടിയിലായ പോരുവഴി കമ്പലടി പുളിവേലിക്കൽ വീട്ടിൽ അജിഖാൻ (38), കലതിയിൽ വീട്ടിൽ ഷാനവാസ് (31), ശാസ്താംകോട്ട പള്ളിശേരിക്കൽ പച്ചംകുളത്തു കിഴക്കതിൽ അൽ അമീൻ (26), പോരുവഴി അമ്പലത്തുംഭാഗം സുബൈർ മൻസിലിൽ നിസാം (ബഷി–33), കമ്പലടി നാലുതുണ്ടിൽ തെക്കതിൽ റിൻഷാദ് (30) എന്നിവരെയാണ് കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ട് റിമാൻഡ് ചെയ്തത്.

ആദ്യം പിടിയിലായ സിനിമാപറമ്പ് പനപ്പെട്ടി പറമ്പിൽ പുത്തൻവീട്ടിൽ അബ്ദുൽ ജബ്ബാറിനെ (28) നേരത്തെ റിമാൻഡ് ചെയ്തിരുന്നു. സംഘത്തിലെ ഏഴാമനു വേണ്ടി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. അബ്ദുൽ ജബ്ബാറിനെ എറണാകുളത്തു നിന്നും മറ്റുള്ളവരെ കണ്ണൂർ, പാലക്കാട് ജില്ലകളിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ഈ മാസം രണ്ടിന് ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു വിഷ്ണുവിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. വിഷ്ണുവിന്റെ അമ്മ സുഭദ്രാമ്മയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനു ദിവസങ്ങൾക്കു മുൻപു വാഹനത്തിൽ അറവുമാടുകളുമായി പോയ കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് സ്വദേശിയായ ഇറച്ചിവ്യാപാരിയും ബന്ധുവുമായി വിഷ്ണുവും സുഹൃത്തും സംഘട്ടനത്തിലേർപ്പെട്ടിരുന്നു. വാഹനത്തിനു വശം കൊടുക്കാഞ്ഞതായിരുന്നു കാരണം. ഇതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് വീട് ആക്രമിക്കാൻ കാരണമെന്നാണ് പ്രതികൾ മൊഴി നൽകിയത്.

വാഹനങ്ങൾ കസ്റ്റഡിയിൽ

കൊട്ടാരക്കര ∙ സൈനികന്റെ വീടാക്രമിച്ച സംഭവത്തിലെ രണ്ടു വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ. അക്രമിസംഘം എത്തിയ വാനും തലേന്നു വീട് നിരീക്ഷിക്കാനെത്തിയ സംഘം സഞ്ചരിച്ച കാറുമാണ് ഡിവൈഎസ്പി ജെ.ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. വാൻ പൊലീസ് നിരീക്ഷണത്തിൽ രഹസ്യകേന്ദ്രത്തിലാണ്. കാർ ഇന്നലെ മലപ്പുറത്തു നിന്നാണ് കണ്ടെടുത്തത്.

വീട് മുഴുവൻ അടിച്ചു തകർക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു. ഇതിനായാണ് മഴുവും വാളും ഉൾപ്പെടെയുള്ള ആയുധങ്ങൾ കൊണ്ടുവന്നത്. എന്നാൽ സാഹചര്യം അനുകൂലമല്ലാതിരുന്നതിനാൽ പിൻവാങ്ങുകയായിരുന്നു.