റാന്നി ∙ മുക്കൂട്ടുതറയിൽ നിന്നു കാണാതായ ജെസ്ന കർണാടകത്തിലെ കുടകിലുണ്ടെന്ന സംശയത്തിൽ പൊലീസ് കുടകിലും പരിസരപ്രദേശങ്ങളിലും പരിശോധന തുടങ്ങി. ജില്ലാ പൊലീസ് മേധാവിയുടെ നിഴൽ പൊലീസ് സംഘമാണു കർണാടക പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തുന്നത്.
കുടക്, മടിച്ചേരി ഭാഗങ്ങളിലായി പതിനഞ്ചിടങ്ങളിൽ പൊലീസ് ഇന്നലെ പരിശോധന നടത്തി. പെൺകുട്ടി ഒളിവിൽ താമസിക്കാനിടയുള്ള പ്രദേശങ്ങൾ നോക്കിയാണു പരിശോധന. അഞ്ചംഗ പൊലീസ് സംഘം രണ്ടു ദിവസം കൂടി കുടകിൽ താമസിച്ചു പരിശോധന തുടരും.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഫോൺ കോളുകൾ പരിശോധിച്ച സൈബർ വിദഗ്ധർ കർണാടകത്തിലെ ഏതാനും നമ്പരുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും പൊലീസിനു ലഭിച്ച ചില രഹസ്യ വിവരങ്ങളെ തുടർന്നുമാണു പരിശോധന. അഞ്ചംഗ പൊലീസ് സംഘമാണ് കർണാടകത്തിലുള്ളത്.
സംശയമുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. മാർച്ച് 22ന് ആണ് കാഞ്ഞിരപ്പള്ളി കോളജ് വിദ്യാർഥിനി ജെസ്ന മരിയ ജയിംസിനെ കാണാതാകുന്നത്.
ജെസ്നയുടെ കുടുംബത്തിലെ ചില ബന്ധുക്കൾ കുടകിലും സമീപത്തും താമസിക്കുന്നുണ്ടെന്ന വിവരമാണ് പൊലീസിനു ലഭിച്ചത്. ജെസ്ന ഇവിടെ ചിലരുമായി നേരത്തേ ഫോണിൽ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവും പൊലീസിനു ലഭിച്ചിട്ടുണ്ട്.
രണ്ടു സാധ്യതകൾ പൊലീസ് സംശയിക്കുന്നുണ്ട്. അതവർ രഹസ്യമായി സൂക്ഷിക്കുകയാണ്. ആസൂത്രിതമായി ജെസ്ന പോയതാകാം അല്ലെങ്കിൽ ആരെങ്കിലും ജെസ്നയെ മാറ്റിനിർത്തിയിരിക്കുന്നതാകാം.
മുണ്ടക്കയത്ത് വിഡിയോ ദൃശ്യങ്ങളിൽ കണ്ടെത്തിയ ജെസ്ന യാത്രയ്ക്കുള്ള ഒരുക്കം നടത്തിയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. യാത്രയുടെ ഉദ്ദേശ്യമാണ് ഇനി പൊലീസ് അന്വേഷിക്കുന്നത്.