Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൃശ്യങ്ങളിൽ യുവാവും സ്ത്രീയും വാഹനവും; ജെസ്നയ്ക്കായി തിരച്ചിൽ ഊർജിതം

Jesna Maria James

കോട്ടയം∙ മുണ്ടക്കയത്തു നിന്ന് കാണാതായ ജെസ്നക്കായി തിരച്ചില്‍ ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ജെസ്നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ കാണിച്ചു തെളിവുകൾ ശേഖരിക്കാനായി സംഘം മുണ്ടക്കയത്തെത്തി. ക്രൈംബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്.

മുണ്ടക്കയം ബസ് സ്റ്റാൻഡിലൂടെ ജെസ്നയെന്നു സംശയിക്കുന്ന പെൺകുട്ടി നടന്നു പോകുന്ന ദൃശ്യങ്ങൾ നേരത്തെ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ അടക്കം കാണിച്ചു തെളിവു ശേഖരിക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമം. പെൺകുട്ടി നടന്നു പോകുന്നതിനൊപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി കടന്നു പോകുന്നതായും ഒരു കാർ ഇറങ്ങി വരുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇവരെയും വാഹനത്തെയും തിരിച്ചറിയാനാണ് ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ കാണിച്ചത്. ടൗണിലെ ഡ്രൈവർമാരെയും ദൃശ്യങ്ങൾ കാണിച്ചു. എന്നാൽ ഒരു സൂചനയും ലഭിച്ചില്ല. വാഹനത്തിന്റെ നമ്പർ വ്യക്തമല്ലാത്തതാണ് തിരിച്ചറിയാനുള്ള തടസ്സം.

ദൃശ്യങ്ങളിൽ കണ്ട സ്ത്രീയെയും യുവാവിനെയും വാഹനവും തിരിച്ചറിഞ്ഞാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ. നേരത്തെ ലോക്കൽ പോലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ട് ഒരു മാസം കഴിഞ്ഞു. മാർച്ച് 22 നാണ് ജെസ്നയെ കാണാതാകുന്നത്.