റാന്നി ∙ കാഞ്ഞിരപ്പള്ളി കോളജ് വിദ്യാർഥിനി ജെസ്നയുടെ തിരോധാനം ആറു മാസത്തിലെത്തുമ്പോൾ പൊലീസ് അന്വേഷണം ഏറെക്കുറെ നിലച്ച മട്ടായി. പ്രളയത്തിനു ശേഷം മാന്ദ്യത്തിലായ അന്വേഷണത്തിന് ജീവൻ വച്ചിട്ടില്ല. പേരിന് അന്വേഷണമുണ്ടെന്നു മാത്രം. കൊല്ലമുള സന്തോഷ്കവല കുന്നത്തു വീട്ടിൽ ജെസ്നയെ മാർച്ച് 22ന് ആണ് കാണാതായത്.
പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കു പോയതാണ് ജെസ്ന. വീട്ടിൽ നിന്നു മുക്കൂട്ടുതറ വരെ ഓട്ടോയിലും തുടർന്ന് ബസിലും എരുമേലിയിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു. പിന്നീട് മുണ്ടക്കയത്തെ സിസിടിവിയിൽ ജെസ്നയുടെ സാദൃശ്യമുള്ള പെൺകുട്ടിയുടെ ദൃശ്യം ലഭിച്ചതു മാത്രമാണ് ഏക തുമ്പ്. ആ പെൺകുട്ടിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിനകത്തും പുറത്തും പൊലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു.
വിവരം നൽകുന്നവർക്ക് പൊലീസ് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തുടക്കത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ പൊലീസ് യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. പിന്നീടത് ആഴ്ചയിൽ ഒരു ദിവസവും രണ്ടാഴ്ച കൂടുമ്പോഴുമായി. അന്വേഷണ സംഘത്തെ സംബന്ധിച്ചും ഇപ്പോൾ വ്യക്തതയില്ല.