Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെസ്നയോട് സാമ്യമുള്ള പെൺകുട്ടി ബെംഗളൂരുവിൽ

jesna-1

റാന്നി ∙ ജെസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ ബെംഗളൂരുവിൽ മെട്രോയിൽ കണ്ടു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ നിഴൽ പൊലീസ് സംഘം ബെംഗളൂരുവിലെത്തി. ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയിൽ നിന്നിറങ്ങിവരുന്നതു കണ്ടതായി ബെംഗളൂരുവിലുള്ള ഒരാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു മംഗളൂരുവിൽ അന്വേഷണത്തിലായിരുന്ന പൊലീസ് സംഘത്തെ ബെംഗളൂരുവിലേക്ക് അയച്ചത്. മെട്രോയിലെ സിസിടിവി ദൃശ്യത്തിൽ ജെസ്നയോടു സാമ്യമുള്ള പെൺകുട്ടി ഇറങ്ങിവരുന്നതു കണ്ടെത്തി. ചുരിദാറാണ് വേഷം. കണ്ണടയുമുണ്ട്. മെട്രോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കാനുള്ള ശ്രമത്തിലാണ്. അതു ലഭിച്ചാൽ കൂടുതൽ വ്യക്തത കൈവരുത്താനാകും. ദൃശ്യം പിന്നീട് ജെസ്നയുടെ ബന്ധുക്കൾക്ക് അയച്ചു കൊടുത്ത് ഉറപ്പുവരുത്തേണ്ടതുണ്ട്.

കുടക്, മടിക്കേരി, മംഗളൂരു, കൊല്ലൂർ, കുന്താപുരം എന്നിവിടങ്ങളിലെ അന്വേഷണം പൊലീസ് പൂർത്തിയാക്കി. ഫോൺകോളുകൾ പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളിൽ തിരച്ചിൽ നടത്തിയത്. സംശയകരമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മാർച്ച് 22ന് ആണു ജെസ്നയെ കാണാതായത്.

വിവരാവകാശ പ്രർത്തകരെ കുറിച്ച് അന്വേഷണം വരും

റാന്നി ∙ ജെസ്ന കേസ് അന്വേഷണത്തിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു വിവരാവകാശ നിയമ പ്രകാരം പൊലീസിനെ സമീപിച്ചവരെക്കുറിച്ച് അന്വേഷണം നടത്തും. ഹൈക്കോടതി നിർദേശ പ്രകാരമാണിത്. ജെസ്നയുടെ തിരോധാനത്തെപ്പറ്റി അന്വേഷിക്കുന്നതിന് ഇതുവരെ എത്ര തുക ചെലവായി. കേരളത്തിനകത്തും പുറത്തും അന്വേഷണം നടത്തുന്ന പൊലീസുകാരുടെ എണ്ണം, എവിടെയൊക്കെ അന്വേഷണം നടത്തി തുടങ്ങിയ വിവരങ്ങൾ ആരാഞ്ഞാണ് ചിലർ പൊലീസിന് അപേക്ഷകൾ നൽകിയത്. 

ജെസ്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ നൽകിയ ഹർജി പരിഗണിച്ചപ്പോൾ പൊലീസ് ഇതും കോടതിയെ ധരിപ്പിച്ചിരുന്നു. ഇത്തരക്കാരുടെ താൽപര്യമെന്തെന്ന് അന്വേഷിക്കണമെന്നാണ് കോടതി നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവരിൽ നിന്നു വിവരങ്ങൾ ശേഖരിക്കുക.  

ജെസ്ന കേസ്: ചുമതലയുള്ള ഡിവൈഎസ്പി വിരമിക്കുന്നു

റാന്നി ∙ ജെസ്ന കേസ് എങ്ങുമെത്താതെ നിൽക്കെ അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്ന തിരുവല്ല ഡിവൈഎസ്പി ആർ.ചന്ദ്രശേഖരപിള്ള വിരമിക്കാനൊരുങ്ങുന്നു. ഈ മാസം 31ന് അദ്ദേഹം സർവീസിൽ നിന്നു വിരമിക്കുന്നതോടെ കേസിന്റെ ഗതിയെന്താകുമെന്ന് ആശങ്ക.

നാലു മാസമായി ജെസ്ന കേസ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നതു തിരുവല്ല ഡിവൈഎസ്പിയാണ്. കേരളത്തിനകത്തും പുറത്തുമുള്ള അന്വേഷണം ക്രോഡീകരിക്കുന്നതും അപ്പപ്പോൾ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതും തിരുവല്ല ഡിവൈഎസ്പിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേസ് അന്വേഷണം വളരെ മുന്നോട്ടു പോവുകയും ചെയ്തിരുന്നു. ജെസ്നയിലേക്കെത്താനുള്ള തുമ്പൊന്നും ലഭിച്ചില്ലെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നാണു കോടതിയും വിലയിരുത്തിയത്.

കേസിന്റെ ആരംഭഘട്ടത്തിൽ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഒട്ടേറെ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞു. ഫോൺ കോളുകളും സിസിടിവി ദൃശ്യങ്ങളും വാട്സാപ് സന്ദേശങ്ങളുമൊക്കെ ശേഖരിച്ചാണ് പൊലീസ് തെളിവുകൾ കണ്ടെത്തിയത്. ചെറിയ സൂചനകൾ പോലും അവഗണിക്കാതെയുള്ള അന്വേഷണമാണു നടത്തിയത്. വിരമിക്കാൻ തുടങ്ങുന്ന ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപിച്ചതിൽ കോൺഗ്രസ് നേതാക്കൾ വിമർശനങ്ങൾ തുടരെ ഉയർത്തിയെങ്കിലും അതൊക്കെ അവഗണിച്ചാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്.

ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥരെല്ലാം. ആസൂത്രിതമായി സ്വയം പോയതാണോ ആരെങ്കിലും അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയതാണോയെന്നേ ഇനിയറിയാനുള്ളൂ. മുണ്ടക്കയത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തിൽ കണ്ട പെൺകുട്ടി ജെസ്നയെന്ന് ഉറപ്പിച്ചാണ് ആർ.ചന്ദ്രശേഖരപിള്ള വിരമിക്കാനൊരുങ്ങുന്നത്. മാധ്യമങ്ങളിലൊക്കെ ചിത്രം പ്രസിദ്ധീകരിച്ചിട്ടും ദൃശ്യത്തിലെ പെൺകുട്ടി താനാണെന്ന് അവകാശപ്പെട്ട് ആരുമെത്താത്തതാണ് ഇത്തരം നിഗമനത്തിലെത്തിച്ചേരാൻ കാരണം. 

ആർ.ശിവസുതൻപിള്ള തിരുവല്ല ഡിവൈഎസ്പിയാകുമെന്നാണു സൂചന. തുടർന്ന് എത്തുന്ന ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും തുടരന്വേഷണം.