കൊച്ചി ∙ പത്തനംതിട്ട സ്വദേശി ജെസ്നയെ കണ്ടെത്താൻ പൊലീസ് നടത്തുന്ന അന്വേഷണം ഇപ്പോൾ തടസ്സപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നു ഹൈക്കോടതി. പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ മറ്റേതെങ്കിലും ഏജൻസിയെ ചുമതലപ്പെടുത്തുന്നില്ലെന്നു കോടതി വ്യക്തമാക്കി. അന്വേഷണ പുരോഗതി അറിയാനായി കേസ് 17ലേക്കു മാറ്റി.
ടി.പി. ചന്ദ്രശേഖരൻ കേസും നിയമവിദ്യാർഥിനി കൊല്ലപ്പെട്ട കേസും അന്വേഷിക്കുന്നതിൽ സഹായിച്ച സൈബർ വിദഗ്ധനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു സർക്കാർ അറിയിച്ചു. ഒരു മാസമായി സൈബർ വിദഗ്ധൻ വിശദമായ പരിശോധനകൾ നടത്തുകയാണ്.
നാനൂറോളം നമ്പറുകൾ കേന്ദ്രീകരിച്ചുള്ള ഫോൺ കോളുകൾ വിശദമായി പരിശോധിച്ചു. ശബരിമല ഉത്സവം ആയിരുന്നതിനാൽ ഈ മേഖല കേന്ദ്രീകരിച്ചു ഒട്ടേറെ ഇതരസംസ്ഥാന കോളുകൾ ഉണ്ടായെന്നും അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ജെയ്സ് ജോൺ ജയിംസും കെഎസ്‌യു നേതാവ് അഭിജിത്തും സമർപ്പിച്ച ഹർജിയാണു കോടതിയിൽ. പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണെന്നു ഹർജിഭാഗം ആരോപിച്ചു.
സിംകാർഡ് പരിശോധിക്കും
ജെസ്ന മറ്റേതെങ്കിലും മൊബൈൽ നമ്പറുകൾ ഉപയോഗിച്ചിരുന്നോ എന്നറിയാൻ അന്വേഷണം നടത്തുകയാണെന്നു പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ജെസ്ന ഉപയോഗിച്ചിരുന്ന ബൈബിളിൽ നിന്നു സിംകാർഡ് കിട്ടിയെന്ന് ജൂലൈ മൂന്നിനു കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു.
അത് പരിശോധിക്കുന്നുണ്ട്. സഹോദരൻ, സഹോദരി, സഹപാഠി എന്നിവരുടെ മൊബൈൽ ഫോണുകളിലെ ഡേറ്റ വീണ്ടെടുക്കാനും പരിശോധനയ്ക്കുമായി തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പത്തനംതിട്ട ഡിവൈഎസ്പി എസ്. റഫീഖ് വിശദീകരണ പത്രികയിൽ വ്യക്തമാക്കി.
ജെസ്നയുടെ വീടിനടുത്തുള്ള മൊബൈൽ ടവർ വിശദാംശങ്ങൾ മൊബൈൽ സേവന ദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എരുമേലി, മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡുകളിലെയും പരുത്തുംപാറ, പുഞ്ചവയൽ എന്നിവിടങ്ങളിലെയും മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചു വിപുലമായ അന്വേഷണം നടത്തി.
ജെസ്നയുമായി സാമ്യമുള്ളവരുടെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ജെസ്നയെക്കുറിച്ചു വിവരങ്ങൾ മടിക്കേരി ഡിവൈഎസ്പിക്കു കൈമാറി. കുടക് ജില്ലാ പൊലീസിന്റെ വാട്സാപ്പിലും ഫെയ്സ്ബുക്കിലും വിവരങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
സാമ്യമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെന്ന വിവരത്തെ തുടർന്ന് കോയമ്പത്തൂർ, പൊള്ളാച്ചി, ബെംഗളൂരു മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷിച്ചു. മുണ്ടക്കയത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങൾക്ക് അച്ചടി, ദൃശ്യ, സമൂഹമാധ്യമങ്ങൾ വഴി വൻപ്രചാരണം നൽകിയെങ്കിലും ഫലമുണ്ടായില്ല. 350 പേരെ ചോദ്യം ചെയ്തു. 170 പേരുടെ മൊഴിയെടുത്തു. രണ്ടുലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചു. കേസിന്റെ സെൻസേഷനൽ സ്വഭാവം മാനിച്ച് ചിട്ടയോടെ വിപുലമായ അന്വേഷണമാണു നടത്തുന്നതെന്നു പൊലീസ് വിശദീകരിച്ചു.