തിരുവനന്തപുരം∙ യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരൻ രാജിവച്ചു. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു(എം) നൽകിയതിന്റെ പേരിൽ കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്നതിനു പിന്നാലെയാണു മുന്നണി യോഗത്തിൽ ഇനി പാർട്ടിയെ പ്രതിനിധീകരിക്കാനില്ലെന്നു സുധീരൻ വ്യക്തമാക്കിയത്.
യുഡിഎഫ് നേതൃയോഗം ഏതാനും ദിവസങ്ങൾക്കകം വീണ്ടും ചേരാനിരിക്കെ, ഇന്നലെ രാവിലെ തന്റെ രാജി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും ഇ–മെയിലായി അയയ്ക്കുകയായിരുന്നു. സഹോദരിയുടെ വിയോഗത്തെത്തുടർന്നു തൃശൂരിലുള്ള സുധീരൻ ഇക്കാര്യം സ്ഥിരീകരിച്ചു. ഞായറാഴ്ചത്തെ മരണാനന്തര ചടങ്ങുകൾക്കു ശേഷം ആവശ്യമെങ്കിൽ കാണാമെന്നും അദ്ദേഹം അവിടെ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
ഒഴിയുകയാണെന്നും പകരം ആളെ നിയോഗിക്കാമെന്നും മാത്രമാണു സന്ദേശത്തിൽ സുധീരൻ അറിയിച്ചിരിക്കുന്നത്. രാജ്യസഭാ സീറ്റ് മാണിക്കു നൽകി അദ്ദേഹത്തെ യുഡിഎഫിലേക്കു തിരിച്ചു കൊണ്ടുവന്നതിനെതിരെ പാർട്ടി നേതൃയോഗങ്ങളിലും പുറത്തും യുഡിഎഫ് യോഗത്തിലും സുധീരൻ പൊട്ടിത്തെറിച്ചിരുന്നു.
മാണി യുഡിഎഫിലേക്കു മടങ്ങിവന്ന മുഹൂർത്തത്തിൽ പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി. പിന്നീടു ചേർന്ന കഴിഞ്ഞ മുന്നണി യോഗത്തിൽ നിന്നു വിട്ടുനിന്നു. അവിടെ തന്റെ അസാന്നിധ്യത്തിൽ മാണി തനിക്കെതിരെ രൂക്ഷമായി തിരിഞ്ഞപ്പോൾ കോൺഗ്രസ് നേതാക്കൾ പ്രതിരോധിച്ചില്ലെന്ന ആക്ഷേപവും രാജിക്കു പിന്നിലുണ്ട്. ഒറ്റപ്പെടുത്തുന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം മുന്നണിയിൽ തുടർന്നിട്ടു കാര്യമില്ലെന്ന ചിന്തയും രാജിയിലേക്കു നയിച്ചു.
തിരിച്ചുവരണം; സുധീരനോടു സംസാരിക്കും: ഹസൻ
കാസർകോട്∙ യുഡിഎഫ് ഉന്നതാധികാര സമിതിയിൽ നിന്നു സുധീരൻ രാജിവച്ചത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. എന്നാൽ അദ്ദേഹം തുടരണമെന്നാണു തന്റെ അഭ്യർഥന. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള അസ്വാരസ്യമല്ല സുധീരന്റെ രാജി. സുധീരനോടു നേരിട്ടു സംസാരിക്കുമെന്നും ഹസൻ പറഞ്ഞു.
കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റ് നൽകിയതിലെ എതിർപ്പു യുഡിഎഫ് യോഗത്തിൽ തന്നെ സുധീരൻ പ്രകടിപ്പിച്ചതാണ്. പിന്നീടു കെപിസിസി യോഗത്തിൽ ചർച്ച ചെയ്തു മറുപടി നൽകി. തീരുമാനങ്ങൾ അംഗീകരിച്ചാണു യോഗം പിരിഞ്ഞത്. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകിയതിൽ തിരഞ്ഞെടുപ്പു കഴിഞ്ഞ സ്ഥിതിക്കു പരിഹാരം കാണാനാകില്ലെന്നും ഹസൻ പറഞ്ഞു.
കാറഡുക്ക പഞ്ചായത്തിൽ സിപിഎമ്മിന്റെ അവിശ്വാസ പ്രമേയത്തെ യുഡിഎഫ് പിന്തുണച്ചതു രാഷ്ട്രീയ കൂട്ടുകെട്ടു കാരണമല്ല. പ്രാദേശിക പ്രശ്നങ്ങളിൽ ബിജെപിയെ നേരിടാൻ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളുമായി ചേരാനുള്ള അനുവാദം കെപിസിസി നൽകിയിട്ടുണ്ട്. അതിന്റെ ഭാഗമാണിതെന്നും ഹസൻ പറഞ്ഞു.