തിരുവനന്തപുരം∙ യുഡിഎഫ് ഉന്നതാധികാര സമിതിയിൽനിന്ന് വി.എം.സുധീരൻ രാജിവച്ചു. കെപിസിസി നേതൃത്വത്തെ ഇമെയിലിലൂടെയാണ് വിവരം അറിയിച്ചത്. കോൺഗ്രസിനു കിട്ടേണ്ട രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകിയതിനെതിരെ സുധീരൻ ശക്തമായ നിലപാടെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണു രാജിയെന്നാണു സൂചന.
കെപിസിസി നേതൃത്വത്തിനെതിരെയും സുധീരൻ രംഗത്തുവന്നിരുന്നു. ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതു ഹിമാലയൻ മണ്ടത്തരമാണെന്നും ഇതിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്നുമാണു സുധീരൻ പറഞ്ഞത്. എന്നാൽ സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കാതെ അവഗണിക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം.
രാജിയെക്കുറിച്ചു പ്രതികരിക്കാൻ സുധീരൻ തയാറായില്ല. ഇ–മെയിൽ അയച്ചതായി അദ്ദേഹം സമ്മതിച്ചു. കഴിഞ്ഞ യോഗത്തിൽ കെ.എം.മാണി സുധീരനെക്കുറിച്ചു നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചാണു രാജിയെന്നു കരുതുന്നു. പാർട്ടിയിലെ ആരും സുധീരനെ പിന്തുണയ്ക്കാൻ എത്തിയില്ല. ഞായറാഴ്ച വരെ സഹോദരി മരിച്ചതുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ തിരക്കിലാണെന്നും അതു കഴിഞ്ഞ് ആവശ്യമെങ്കിൽ കാണാമെന്നും സുധീരൻ പറഞ്ഞു.