തിരുവനന്തപുരം∙ വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡിനു സർക്കാർ ഗാരന്റിയോടെ ഹഡ്കോയിൽ നിന്ന് 2700 കോടി രൂപ വായ്പയെടുക്കുന്നതിന് അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാർ മുടക്കേണ്ട വിഹിതമാണ് വായ്പയെടുക്കുന്നത്. വായ്പാ തുകയിൽ 1460 കോടിരൂപ പുലിമുട്ട് നിർമിക്കുന്നതിനു വിനിയോഗിക്കും. 800 കോടി ആദ്യ കാലത്തെ നഷ്ടം നികത്താനുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിനു നീക്കി വയ്ക്കും.
ശേഷിക്കുന്ന തുക തുറമുഖത്തേക്കു റയിൽപാത നിർമിക്കുന്നതിനു സ്ഥലം ഏറ്റെടുക്കുന്നതിനും പാത നിർമാണത്തിനുമാണ്. ഇതിനായി സംസ്ഥാന സർക്കാരാണു പണം മുടക്കേണ്ടത്. നേരത്തെ ബജറ്റ് വിഹിതമായാണു തുറമുഖ പദ്ധതിക്കു സർക്കാർ പണം നൽകിയിരുന്നത്. ഇതു സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നതിനാലാണു വായ്പയിലേക്കു നീങ്ങാൻ തീരുമാനിച്ചത്. തിരിച്ചടവിനു സാവകാശം ലഭിക്കുമെന്നതാണ് ഇതിന്റെ ഗുണം.