Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം പദ്ധതി: അഴിമതിയില്ലെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്

Oommen Chandy ഉമ്മൻ ചാണ്ടി

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിയും രാഷ്ട്രീയ ദുരുപയോഗവും നടന്നിട്ടില്ലെന്ന് അന്വേഷണത്തിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ കമ്മിഷന്റെ റിപ്പോർട്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ ആരും കമ്മിഷനിൽ ആരോപണമുന്നയിക്കുകയോ തെളിവു നൽകുകയോ ചെയ്തിട്ടില്ലെന്നു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോർട്ട് കൈമാറി.

വിഴിഞ്ഞം തുറമുഖ കരാറിലൂടെ സംസ്ഥാനത്തിനു നഷ്ടമുണ്ടായെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിനെത്തുടർന്നാണ് ഇടതുസർക്കാർ കമ്മിഷനെ നിയമിച്ചത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെയുള്ളവരും പദ്ധതിയിൽ അഴിമതി ആരോപിച്ചിരുന്നു. കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ ഉൾപ്പെടെ ചില കോൺഗ്രസ് നേതാക്കളും കരാറിനെതിരെ രംഗത്തു വന്നിരുന്നു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കേണ്ടതു സർക്കാരാണെന്നു ജസ്റ്റിസ് രാമചന്ദ്രൻ നായർ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിൽ വസ്തുതകൾക്കൊപ്പം തെറ്റുകളുമുണ്ട്. പരാതികൾ അറിയിക്കാൻ കമ്മിഷൻ അവസരം നൽകിയിരുന്നു. ഇതിലാരും ഏതെങ്കിലും വ്യക്തിക്കോ സർക്കാരിനോ എതിരെ അഴിമതി ആരോപണമോ തെളിവുകളോ നൽകിയിട്ടില്ല. പദ്ധതി തുടക്കത്തിൽ ലാഭകരമാകില്ലെന്നറിഞ്ഞു തന്നെയാണു വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചത്. ഇതിനു കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരവുമുണ്ട്. അക്കാര്യത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ല. സർക്കാരും അദാനി വിഴിഞ്ഞം പോർട്സ് കമ്പനിയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു നടത്തുന്ന നിർമാണം മുന്നോട്ടുതന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം: സിഎജി റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖ കരാർ കേരളത്തിനു നഷ്ടമുണ്ടാക്കിയെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ  കണ്ടെത്തലിനെ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ റിപ്പോർട്ടിൽ രൂക്ഷമായി വിമർശിച്ചിട്ടുണ്ടെന്നു സൂചന. മുൻവിധിയോടെയാണു കരാറിനെ സമീപിച്ചതെന്നും ഉദ്യോഗസ്ഥരിൽ നിന്നു വിശദീകരണം തേടിയില്ലെന്നും റിപ്പോർട്ടിലുണ്ട്. 

വിഴിഞ്ഞം പദ്ധതി: ഇടതുമുന്നണി മാപ്പു പറയണമെന്ന് ചെന്നിത്തല

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ അഴിമതി നടന്നിട്ടില്ലെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയ സാഹചര്യത്തിൽ ഇടതുമുന്നണി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതി മുടക്കാൻ എല്ലാ തന്ത്രങ്ങളും പയറ്റിയവരാണ്. പിന്നീട് അധികാരത്തിലെത്തിയപ്പോൾ യുഡിഎഫ് സർക്കാരിനെയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കരിതേച്ചു കാണിക്കാൻ ശ്രമം നടത്തി. അതിന്റെ ഭാഗമായാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആ അന്വേഷണത്തിലൂടെ തന്നെ സത്യം പുറത്തു വന്നെന്നും ചെന്നിത്തല പറഞ്ഞു.