പഠിച്ചു നേടിയ സീറ്റ്, എന്നിട്ടും സുമയ്യ പുറത്ത്

സുൽത്താന സുമയ്യ

കണ്ണൂർ ∙ സുൽത്താന സുമയ്യയ്ക്കു ഹയർ സെക്കൻഡറി മാർക്ക് 1200ൽ 1156. കണ്ണൂർ മെഡിക്കൽ കോളജിൽ 2016ൽ ഒന്നാം റാങ്കുകാരിയായി എംബിബിഎസ് പ്രവേശനം നേടിയെങ്കിലും പഠനം മുടങ്ങി. അടച്ച ഫീസും സർട്ടിഫിക്കറ്റുകളും പോലും തിരികെ ലഭിച്ചത് ഏതാനും ദിവസം മുൻപു മാത്രമാണ്. മാനേജ്മെന്റിന്റെ ക്രമക്കേടിൽ തകർന്നതു സുമയ്യയെപ്പോലെ മതിയായ യോഗ്യതയുണ്ടായിരുന്ന 42 വിദ്യാർഥികളുടെകൂടി ജീവിതമാണ്. 

തിരുവനന്തപുരം വക്കം നദീർ മൻസിലിൽ ഫാറൂഖിന്റെ മകൾ സുമയ്യയ്ക്ക് ആ വർഷം ‘നീറ്റ്’ പ്രവേശന പരീക്ഷയിൽ ലഭിച്ചത് 720ൽ 453 മാർക്ക്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ബിഫാമിനു പഠിച്ചുകൊണ്ടിരിക്കെയാണ് എംബിബിഎസ് പ്രവേശനം ലഭിച്ചത്. 

സർക്കാരുമായി കരാറുണ്ടാക്കിയ മറ്റു മെഡിക്കൽ കോളജുകളിൽ 10 ലക്ഷം രൂപ ഫീസ് നിശ്ചയിച്ചപ്പോൾ കണ്ണൂർ, കരുണ കോളജുകളിൽ 4.40 ലക്ഷം രൂപ മാത്രമായിരുന്നു ആദ്യം ഫീസ് നിശ്ചയിച്ചിരുന്നത്. ഇതുകൊണ്ടാണു മറ്റു സ്വാശ്രയ കോളജുകൾ ഒഴിവാക്കി കണ്ണൂരിൽ ചേർന്നത്. 

എന്നാൽ, ഹൈക്കോടതി വിധി വന്നതോടെ എല്ലാ സ്വാശ്രയ കോളജുകളിലും ഫീസ് 10 ലക്ഷമായി. രോഗിയായ പിതാവിന്റെയും ദിവസവേതനക്കാരിയായിരുന്ന മാതാവിന്റെയും സ്ഥിതിയറിഞ്ഞ് അവസാന നിമിഷം ബന്ധുക്കളും നാട്ടുകാരും ചേർന്നു പിരിച്ചാണു സ്പെഷൽ ഫീസ് അടക്കം 11.65 ലക്ഷം രൂപ അടച്ചത്. 

ഏതാനും മാസം കഴിഞ്ഞപ്പോൾ മാനേജ്മെന്റിന്റെ പ്രവേശന ക്രമക്കേടുമൂലം ബാച്ചിലെ 150 വിദ്യാർഥികളെയും സുപ്രീം കോടതി പുറത്താക്കി.