ചെറുമൽസ്യങ്ങളുടെ കൂട്ടക്കുരുതി; പിഴ 42.4 ലക്ഷം

തിരുവനന്തപുരം ∙ ചെറുമൽസ്യങ്ങളെ പിടിക്കരുതെന്നു നിയമമുണ്ടെങ്കിലും സംസ്ഥാനത്തെ തീരക്കടലിൽ  ചെറുമൽസ്യക്കുരുതി നിർബാധം തുടരുന്നു. 

ചെറുമൽസ്യങ്ങളെ പിടിച്ചതിനു പിഴയായി ഫിഷറീസ് വകുപ്പ് സെപ്റ്റംബർവരെ ഈടാക്കിയതു 42.4 ലക്ഷം രൂപ. 2017ൽ ഈയിനത്തിൽ ലഭിച്ചത് 23.23 ലക്ഷവും. വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

അനിയന്ത്രിതമായ മൽസ്യബന്ധനം മൂലം ചെറുമൽസ്യങ്ങളുടെ നിലനിൽപു ഭീഷണിയിലായതോടെയാണു മത്തി, അയല, ചൂര, കിളിമീൻ, കേര, കടൽക്കൊഞ്ച്, പരവ തുടങ്ങിയ 58 ഇനം മൽസ്യങ്ങൾ പിടിക്കുന്നതിനു കുറഞ്ഞ വലുപ്പം നിശ്ചയിച്ചു കേരള മറൈൻ ഫിഷിങ് റഗുലേഷൻ ആക്ട് പ്രകാരം നിയന്ത്രണം ഏർപ്പെടുത്തിയത്. മൽസ്യബന്ധനത്തിനിടയിൽ 50%വരെ ചെറുമൽസ്യങ്ങൾ വലയിൽപെടാൻ സാധ്യതയുള്ളതിനാൽ സമചതുരക്കണ്ണി വലകൾ ഉപയോഗിക്കണമെന്നും നിർദേശം നൽകിയിരുന്നു. 

വലയിലകപ്പെടുന്ന ചെറുമൽസ്യങ്ങളെ പരമ്പരാഗത മൽസ്യത്തൊഴിലാളികൾ കടലിൽതന്നെ വിടുന്ന പതിവാണു മുൻപുണ്ടായിരുന്നത്. വരും കാലത്തേക്കുള്ള ഒരു നിക്ഷേപമായാണ് അവർ ഇതിനെ കണ്ടത്. നിലവിൽ 500 കുതിരശക്തി വരെയുള്ള യാനങ്ങൾ, ഇൻബോർഡ് എൻജിനുകൾ ഘടിപ്പിച്ച കൂറ്റൻ വള്ളങ്ങൾ എന്നിവ ഉപരിതല മൽസ്യബന്ധനത്തിലൂടെ ചെറുമീനുകളെ കൂട്ടത്തോടെ വലയിലാക്കുകയാണ്. സമീപകാലത്തു പിടിച്ചെടുത്ത ചെറുമൽസ്യങ്ങളിൽ ഏറെയും മൽസ്യത്തീറ്റ, വളം എന്നിവയുടെ നിർമാണത്തിനായി അയൽ സംസ്ഥാനങ്ങളിലേക്കു കടത്തിയെന്നും കണ്ടെത്തി. 

ഇത്തരത്തിൽ മൽസ്യത്തീറ്റയും വളവും നിർമിക്കുന്ന ഏതാനും അനധികൃത കേന്ദ്രങ്ങൾ സംസ്ഥാനത്തുള്ളതായും സർക്കാരിനു വിവരമുണ്ട്. 

ചെറുമീനുകളെ പിടികൂടുന്നതിൽ നിലവിലുള്ള  നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ മനോരമയോടു പറഞ്ഞു. 

നിയന്ത്രണം ഫലപ്രദമായതാണ് ഇപ്പോൾ മൽസ്യോൽപാദനം വർധിക്കാൻ കാരണമായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.  കുറഞ്ഞ വലുപ്പം നിർബന്ധമാക്കുന്ന മൽസ്യങ്ങളുടെ പട്ടിക വിപുലമാക്കാൻ സർക്കാർ ഇപ്പോൾ ആലോചിക്കുന്നില്ല.