Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റം: ഉത്തരവായി

തിരുവനന്തപുരം∙ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി നടപ്പാക്കി സർക്കാർ ഉത്തരവ്. ഇതുപ്രകാരം കംപാഷനേറ്റ്, പ്രയോറിറ്റി അടിസ്ഥാനത്തിലുള്ള സ്ഥലംമാറ്റപ്പട്ടിക ജില്ലാതല ഒഴിവുകളുടെ 10% കണക്കാക്കി തയാറാക്കും.

ജില്ലയിൽ ഒരു വിഷയത്തിൽ മാനദണ്ഡപ്രകാരമുണ്ടാകുന്ന എല്ലാ ഒഴിവും ഒരു യൂണിറ്റായി കണക്കാക്കിയാണു സ്ഥലംമാറ്റം നടത്തേണ്ടത്. ഹൈക്കോടതി നിർദേശിച്ച പ്രകാരം 25 ന് അകം സ്ഥലംമാറ്റ നടപടി പൂർത്തിയാക്കണം. അധ്യാപകരുടെ മറ്റ് ആവശ്യങ്ങളിൽ വിശദ പരിശോധന നടത്താൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി.  

നേരത്തേ സംസ്ഥാനതലത്തിൽ തയാറാക്കിയ പട്ടിക ചോദ്യം ചെയ്ത് അധ്യാപകർ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഓരോ വിഷയത്തിലുള്ള ഒഴിവുകളുടെ എണ്ണത്തിന്റെ 10% ജില്ലാ അടിസ്ഥാനത്തിൽ കണക്കാക്കി കംപാഷനേറ്റ് സ്ഥലംമാറ്റ പട്ടിക തയാറാക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടത്. 

സർക്കാർ അപ്പീൽ നൽകിയെങ്കിലും ട്രൈബ്യൂണൽ വിധി ഹൈക്കോടതി ശരിവച്ചു. കോടതി നിർദേശിച്ച പ്രകാരം കേസ് നൽകിയ അധ്യാപകരിൽ നിന്നു പൊതുവിദ്യാഭ്യാസ വകുപ്പ് വാദം കേട്ടു. തുടർന്നാണു സ്ഥലംമാറ്റം ജില്ലകളിലെ ഒഴിവ് അടിസ്ഥാനപ്പെടുത്തി നൽകാൻ ഉത്തരവിട്ടത്.