കൊച്ചി ∙ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ നടപടി പൂർത്തിയാക്കാൻ ഇനി മൂന്നു ദിവസം മാത്രം. എന്നാൽ നടപടിയൊന്നും ആയിട്ടില്ലെന്ന് അധ്യാപകർ. സ്ഥലംമാറ്റം അനിശ്ചിതമായി നീളുന്നത് അധ്യയനത്തെ ബാധിച്ചിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.
സ്ഥലം മാറ്റത്തിനുള്ള കരടു പട്ടിക കഴിഞ്ഞ ജൂണിൽ തയാറാക്കിയതാണ്. ചിലർ അതിനെതിരെ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിനെ സമീപിച്ചു. വിധി അവർക്ക് അനുകൂലമായപ്പോൾ സർക്കാർ ഹൈക്കോടതിയിലെത്തി. ഒക്ടോബർ 25നകം എല്ലാ നടപടിയും പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചു. പക്ഷേ സർക്കാർ മെല്ലെപ്പോക്കിലാണ്. വർഷങ്ങളായി സ്വന്തം ജില്ലയിൽ ജോലി ചെയ്യുന്ന ചിലർക്ക് ഒത്താശ ചെയ്യുകയാണു സർക്കാർ ഉദ്യോഗസ്ഥരെന്ന് ആരോപണമുണ്ട്.
ഹൈക്കോടതി വിധിയെത്തുടർന്നു സർക്കാർ ഹിയറിങ് സംഘടിപ്പിച്ചിരുന്നു. അതിൽ അധ്യാപകർ ഉയർത്തിയ ആവശ്യങ്ങൾ വിശദമായി പരിശോധിക്കുകയാണെന്നാണു സർക്കാർ ഭാഷ്യം. ഇതിനായി പ്രത്യേക സമിതിയും രൂപീകരിച്ചു. 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണു സമിതിക്കുള്ള നിർദേശം. മൂന്നു മാസംകൊണ്ടേ റിപ്പോർട്ട് ആവുകയുള്ളൂ എന്നാണെങ്കിൽ 25ന് എങ്ങനെ നടപടികൾ പൂർത്തിയാക്കുമെന്ന ചോദ്യവും ഉയരുന്നു.