തിരുവനന്തപുരം∙ സോളാർ തട്ടിപ്പു കേസുകളിലെ പ്രതി സരിതാ നായരുടെ പരാതിയിൽ കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ എടുത്ത കേസിൽ എഫ്ഐആർ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. എസ്പി: യു.അബ്ദുൾകരീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഈ ആഴ്ച്ച യോഗം ചേർന്നു തുടർനടപടി സ്വീകരിക്കും. പലവട്ടം മൊഴികൾ മാറ്റിപ്പറഞ്ഞ സരിതയുടെ രഹസ്യ മൊഴി അന്വേഷണ സംഘം കോടതിയിൽ രേഖപ്പെടുത്തും.
സോളാർ കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തോട് ആദ്യ ഘട്ടത്തിൽ സരിത സഹകരിച്ചെങ്കിലും പിന്നീടു മൊഴി നൽകാൻ എത്തിയില്ല. അതിനാലാണു കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി 2012ൽ ക്ലിഫ്ഹൗസിൽ വച്ചും കെ.സി.വേണുഗോപാൽ മന്ത്രിയായിരുന്ന എ.പി.അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയായിരുന്ന റോസ്ഹൗസിൽ വച്ചും സരിതയെ പീഡിപ്പിച്ചെന്നാണു എഫ്ഐആറിൽ പറയുന്നത്.
മറ്റ് ആറു പേർക്കെതിരെയും സരിത പരാതി നൽകിയിട്ടുണ്ട്. ദക്ഷിണമേഖലാ എഡിജിപി: അനിൽ കാന്തിനു ലഭിച്ച പരാതി അദ്ദേഹം ക്രൈംബ്രാഞ്ചിനു കൈമാറും. അതോടെ കൂടുതൽ പേർക്കെതിരെ കേസ് എടുക്കാനുള്ള നീക്കത്തിലാണു പൊലീസ്. അന്വേഷണം പുരോഗമിക്കുമ്പോൾ മന്ത്രിമാരുടെ ഔദ്യോഗിക വസതിയിൽവരെ പോയി തെളിവെടുക്കാനുള്ളതിനാൽ കരുതലോടെയാണു പൊലീസ് നീക്കം.
നേരത്തെ സരിതയുടെ പരാതി അന്വേഷിക്കാൻ ഉത്തരമേഖലാ ഡിജിപി ആയിരുന്ന രാജേഷ് ദിവാന്റെ നേതൃത്വത്തിൽ സർക്കാർ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. എന്നാൽ അതിൽ കേസ് എടുക്കാൻ തയാറാകാതിരുന്ന രാജേഷ് ദിവാൻ ഈ സംഘത്തിൽ നിന്നു തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷം മാസങ്ങൾ കഴിഞ്ഞാണു ഡിജിപി ലോക്നാഥ് ബെഹ്റ മറ്റൊരു സംഘം രൂപീകരിച്ച് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്.