ഹയർ സെക്കൻഡറി സ്ഥലംമാറ്റ പട്ടിക റദ്ദാക്കൽ; ഹർജി തള്ളി

കൊച്ചി∙ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക നടപ്പാക്കരുതെന്ന ഹർജി ഹൈക്കോടതി അനുവദിച്ചില്ല. കോടതിയുടെ മുൻ ഉത്തരവനുസരിച്ചാണു സർക്കാർ ഇപ്പോൾ താൽക്കാലിക പട്ടിക തയാറാക്കിയിട്ടുള്ളതെന്നു കോടതി വ്യക്തമാക്കി. പട്ടിക സംബന്ധിച്ചു നിശ്ചിത സമയപരിധിക്കുള്ളിൽ പരാതിപ്പെട്ടവരെ കേട്ട ശേഷം തീർപ്പുണ്ടാക്കാൻ നിർദേശിച്ചിട്ടുണ്ട്. 

ജൂണിൽ പ്രസിദ്ധപ്പെടുത്തിയ പട്ടിക സംബന്ധിച്ച നിയമയുദ്ധത്തിൽ, ഒക്ടോബർ 25നകം സ്ഥലംമാറ്റ നടപടി  പൂർത്തിയാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെ, സ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കാനുള്ള റിപ്പോർട്ട് നൽകാൻ സർക്കാർ സമിതിയെ നിയോഗിച്ചു. ഇതിനിടെയാണ് ഒക്ടോബർ 12നു കരട് പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ ഏതാനും അധ്യാപകർ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ഉണ്ടാകാത്തതിനെ തുടർന്നു ഹൈക്കോടതിയിലെത്തുകയായിരുന്നു. 

ആശങ്കയിൽ അധ്യാപകരും വിദ്യാർഥികളും 

പത്തനംതിട്ട∙ ഹയർ സെക്കൻഡറി അധ്യാപക സ്ഥലംമാറ്റ പട്ടിക ഇന്നിറങ്ങുമെന്ന വിവരത്തെ തുടർന്നു ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലും പരാതി പ്രളയം. സ്കൂൾ വർഷത്തിന്റെ ഇടയ്ക്കുവച്ച് അധ്യാപകർ മാറുന്നത് തുടർ മൂല്യനിർണയത്തെ അടക്കം ബാധിക്കുമെന്ന ആശങ്ക വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുണ്ട്. 

പ്രളയത്തെ തുടർന്ന് അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ട സ്കൂളുകൾ സാധാരണ നിലയിലേക്കു മടങ്ങിവരുന്നതിനിടെയാണു സ്ഥലംമാറ്റം. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.