തിരുവനന്തപുരം∙ സംസ്ഥാനത്തെ ഏറ്റവും ഉയരമേറിയ 150 ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഭൂരിപക്ഷത്തിനും അഗ്നിസുരക്ഷാ സംവിധാനങ്ങളില്ല. കഴിഞ്ഞ 24നു അഗ്നിശമന സേന നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. ഇവിടങ്ങളിൽ ഉയർന്ന നിലകളിൽ അഗ്നിബാധ ഉണ്ടായാൽ തീ അണയ്ക്കാനുള്ള സംവിധാനമോ ഫയർ ടെൻഡറുകളോ സേനയ്ക്കില്ല. ഇതു സംബന്ധിച്ച വിശദ റിപ്പോർട്ട് സേനാ മേധാവി എ.ഹേമചന്ദ്രൻ ഉടൻ സർക്കാരിനു കൈമാറും.
പ്രളയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ഒരോ ജില്ലയിലും 60 മീറ്റർ വരെ ഉയരയുള്ള പത്തിലധികം കെട്ടിടങ്ങളിൽ പരിശോധന നടത്താനായിരുന്നു തീരുമാനം. അതിന്റെ അടിസ്ഥാനത്തിലാണു 14 ജില്ലകളിലെ 150 ഉയരം കൂടിയ കെട്ടിടങ്ങൾ പരിശോധച്ചത്. എല്ലാം ഫ്ലാറ്റ് സമുച്ചയങ്ങളായിരുന്നു. ഇതിൽ 90% കെട്ടിടങ്ങളിലും നിയമപ്രകാരമുള്ള അഗ്നിസുരക്ഷാ സംവിധാനം ഇല്ലെന്ന് കണ്ടെത്തി. കെട്ടിട നിർമാണ ചട്ടങ്ങളിൽ അനുശാസിക്കുന്ന ഉയരപരിധി പല കെട്ടിടങ്ങളിലും ലംഘിച്ചതായും കണ്ടെത്തി.
കെട്ടിട ഉടമകൾക്കും അവിടുത്തെ അസോസിയേഷൻ പ്രതിനിധികൾക്കും സേന നോട്ടീസ് നൽകി. ഗുരുതര വീഴ്ച്ചയുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധികൃതർക്കും കലക്ടർമാർക്കും നൽകി. പിഴ ചുമത്താനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ആർക്കെതിരെയും ഇതുവരെ നടപടി എടുത്തിട്ടില്ല.
ടേൺ ടേബിൾ ലാഡർ വാങ്ങാൻ അനുമതി തേടി
ഉയർന്ന കെട്ടിടങ്ങളിൽ തീ അണയ്ക്കാനുള്ള വിദേശ നിർമിത ടേൺ ടേബിൾ ലാഡർ വാങ്ങാൻ അഗ്നിശമന സേന സർക്കാർ അനുമതി തേടി. 14 കോടി രൂപയാണ് ഒരെണ്ണത്തിന്റെ വില. ഉയരമേറിയ കെട്ടിടങ്ങളുടെ മുകളിൽ വരെ ഇതുപയോഗിച്ചു തീ അണയ്ക്കാൻ കഴിയും.