Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാമറയില്‍ അജ്ഞാതർ‍; ഫാക്ടറി തീപിടിത്തം അസ്വാഭാവികമെന്ന് അഗ്നിരക്ഷാസേന

fire-at-family-plastic-unit ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തം. (ഫയൽ ചിത്രം)

തിരുവനന്തപുരം ∙ മണ്‍വിളയിലെ പ്ലാസ്റ്റിക് ഫാക്ടറി കത്തിനശിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് അഗ്നിരക്ഷാസേനയുടെ റിപ്പോര്‍ട്ട്. ഇത് തിങ്കളാഴ്ച സേനാ മേധാവിക്കു സമര്‍പ്പിക്കും. സേനയിലെ ടെക്നിക്കല്‍ ഡയറക്ടര്‍ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ 31 നാണ് കുളത്തൂര്‍ മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റിലെ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്.

31 ന് രാത്രി ഏഴിനും ഏഴേകാലിനും ഇടയില്‍ തീപിടിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്. 15 മിനിറ്റിനുള്ളില്‍ അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും രണ്ടു കെട്ടിടങ്ങള്‍ പൂര്‍ണമായി കത്തി. കഴിഞ്ഞ മാസം 29 നും ഫാക്ടറിയില്‍ തീപിടിത്തമുണ്ടായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സേന ശേഖരിച്ചു. തീ കത്തിപ്പടരുന്നതും കെടുത്തുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. സാവധാനത്തിലാണ് തീ പടരുന്നത്. എന്നാല്‍ രണ്ടാമതു തീപിടിത്തമുണ്ടായപ്പോള്‍ വേഗത്തിലാണ് രണ്ടു കെട്ടിടങ്ങള്‍ കത്തിനശിച്ചത്. ഇതാണ് അസ്വാഭാവികമായി എന്തോ നടന്നിട്ടുണ്ടെന്ന നിഗമനത്തിനു കാരണം. രാസവസ്തുക്കളോ പെട്ടെന്നു തീപിടിക്കുന്ന വസ്തുക്കളോ ഫാക്ടറിയില്‍ അനധികൃതമായി സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് അഗ്നിരക്ഷാസേനയുടെ അനുമാനം.

അഞ്ചു മണിക്ക് ഡ്യൂട്ടി കഴിഞ്ഞു എന്നാണ് തീപിടിത്തത്തിനു മുന്‍പ് ജോലിയിലുണ്ടായിരുന്നവര്‍ അഗ്നിരക്ഷാസേനയോടു പറഞ്ഞത്. തീപിടിക്കുന്നത് ഏഴു മണിക്കു ശേഷവും. ആറുമണിക്കുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ചില വ്യക്തികള്‍ സംശയകരമായ സാഹചര്യത്തില്‍ നീങ്ങുന്നതു കണ്ടതായി സേനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരാള്‍ മറ്റൊരാളുടെ കൈപിടിച്ചു വലിച്ചു കൊണ്ടുപോകുന്നതായും ഒരാള്‍ ക്യാമറയിലേക്ക് നോക്കുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്നു പൊലീസിനോട് ആവശ്യപ്പെടും.

ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരം ഡിസിപി ആര്‍. ആദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സൈബര്‍ സിറ്റി അസി. കമ്മിഷണറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ കസ്റ്റഡിയിലാണ്. 31 ന് വൈകിട്ട് ഉണ്ടായ തീപിടിത്തം പിറ്റേന്ന് പുലര്‍ച്ചെയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. 500 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.

related stories