Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടിഎം കവർച്ച: 4 പ്രതികളെ തിരിച്ചറിഞ്ഞു; വടക്കേ ഇന്ത്യക്കാരായ കവർച്ചക്കാർ ഉടൻ പിടിയിലാകും

ഇരുമ്പനം (കൊച്ചി)∙ പുതിയ റോഡ് ജംക്‌ഷനു സമീപം സീപോർട്ട്–എയർപോർട്ട് റോഡിൽ എസ്ബിഐ എടിഎം തകർത്ത് 25 ലക്ഷം രൂപ കവർന്ന കേസിലെ 4 പേരെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. കവർച്ചസംഘം സഞ്ചരിച്ച വാഹനത്തിലുണ്ടായിരുന്ന 5 പേരിൽ 2 പേർ ഹരിയാനക്കാരും 2 പേർ രാജസ്ഥാൻകാരുമാണ്. ഒരാളെക്കുറിച്ചു വ്യക്തതയില്ല.

കൊരട്ടിയിലെ എടിഎം കവർച്ചയ്ക്കു പിന്നിലും ഇതേ സംഘം തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം അന്വേഷണസംഘം ഇപ്പോൾ രാജസ്ഥാനിലുണ്ട്. പ്രതികൾ ഉടൻ പിടിയിലാകുമെന്നറിയുന്നു.

വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചു വൻകവർച്ചകൾ നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ. കഴിഞ്ഞ ഒക്ടോബർ 12നു പുലർച്ചെയാണ് എടിഎം തകർത്ത് പണം കവർന്നത്. എടിഎം കൗണ്ടറിന്റെ ഷട്ടർ അടച്ചശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ചു മെഷീൻ പൊളിക്കുകയായിരുന്നു. കൗണ്ടറിലെ രണ്ടു ക്യാമറകളിലും പെയിന്റ് സ്പ്രേ ചെയ്തു മറച്ചിരുന്നു.

കോട്ടയത്തുനിന്നു മോഷ്ടിച്ച പിക്അപ് വാനിലാണു കവർച്ചക്കാർ എത്തിയത്. ഇവരിൽ ഒരാളുടെ രക്തസാമ്പിൾ, 3 പേരുടെ വിരലടയാളങ്ങൾ, മുടി എന്നിവ ഫൊറൻസിക് സംഘം വാഹനത്തിൽ കണ്ടെത്തി.