ന്യൂഡൽഹി∙ എറണാകുളം ഇരുമ്പനത്തും തൃശൂരും എടിഎം തകർത്ത് 35 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കവർച്ച സംഘത്തിലെ മുഖ്യസൂത്രധാരനായ രാജസ്ഥാൻ സ്വദേശി പപ്പിയാണ്(32) ഡൽഹിയിൽ പിടിയിലായത്. ഇപ്പോൾ ഇയാൾ ഡൽഹിയിലെ ബൈക്ക് മോഷണക്കേസിൽ തീഹാർ ജയിലിൽ കഴിയുകയാണ്. സിസിടിവി ദൃശ്യങ്ങളുമായി രാജസ്ഥാൻ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രയിലെ വിവിധ എടിഎം മോഷണ കേസുകളിലെ പ്രതിയാണ്. ഇയാളെ കൂടാതെ മൂന്നു ഹരിയാന സ്വദേശികളും പിടിയിലായെന്നു സൂചനയുണ്ട്.
റിമാൻഡിൽ ആയതിനാൽ പപ്പിയെ കോടതി അനുമതിയോടെ മാത്രമേ കേരളത്തിലേക്കു കൊണ്ടുവരാൻ സാധിക്കു. അടുത്ത ആഴ്ച തന്നെതെളിവെടുപ്പിനായി കൊണ്ടുവരാൻ ഉടൻ കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ തീരുമാനം. കഴിഞ്ഞ ഒക്ടോബർ 12നു പുലർച്ചെയാണ് എടിഎം തകർത്തു പണം കവർന്നത്. എടിഎം കൗണ്ടറിന്റെ ഷട്ടർ അടച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ചു മെഷീൻ പൊളിക്കുകയായിരുന്നു. കൗണ്ടറിലെ രണ്ടു ക്യാമറകളും പെയിന്റ് ചെയ്തു മറച്ചിരുന്നു. കോട്ടയത്ത് നിന്നു മോഷ്ടിച്ച പിക്കപ്പ് വാനിലാണു കവർച്ചക്കാർ എത്തിയത്.
ഇവരിൽ ഒരാളുടെ രക്ത സാമ്പിൾ, മൂന്നു പേരുടെ വിരലടയാളങ്ങൾ, മുടി എന്നിവ ഫോറൻസിക് സംഘം വാഹനത്തിൽ നിന്നും കണ്ടെത്തിയിരുന്നു. കോട്ടയം എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തൃപ്പൂണിത്തുറ സിഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണു പ്രതികളെ പിടികൂടുന്നതിനായി ഡൽഹിയിൽ എത്തിയത്.