Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ച്: അടവു തെറ്റിക്കാൻ ചില ‘ഐഎഎസ്’ അടവുകൾ

salary-challenge

തിരുവനന്തപുരം∙ സംസ്ഥാനത്തെ 60% സാധാരണ സർക്കാർ ജീവനക്കാരും ഒരു മാസത്തെ മുഴുവൻ ശമ്പളവും സാലറി ചാലഞ്ചിലേക്കു സംഭാവന ചെയ്തപ്പോൾ പല ഐഎഎസ് ഉദ്യോഗസ്ഥർക്കും മുഴുവൻ ശമ്പളം നൽകാൻ മടി. ഗ്രോസ് സാലറിക്കു പകരം നെറ്റ് സാലറി ഗഡുക്കളായി നൽകാമെന്ന നിലപാടാണിവർക്ക്. സാലറി ചാലഞ്ച് സംബന്ധിച്ച ഉത്തരവു പുറപ്പെടുവിച്ച ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥൻതന്നെ ഇളവിനായി കുറുക്കു വഴി കണ്ടെത്തി. ആദ്യ ഗഡു സംഭാവന ശമ്പളത്തിൽനിന്നു നൽകിയെങ്കിലും രണ്ടാം ഗഡുവായ 24,000 രൂപ കിഴിവു ചെയ്യാൻ ധനവകുപ്പിലെ ഈ ഉദ്യോഗസ്ഥൻ അനുവദിച്ചില്ല. പകരം ചെക്ക് നൽകി.

സാലറി ചാലഞ്ചിൽ ചേരാനും പിൻമാറാനുമുള്ള അവസാന അവസരം ഇൗ മാസത്തോടെ കഴിയും. ഒരിക്കൽ ചേർന്നവർക്ക് ഇനി പിൻമാറാൻ കഴിയില്ല. ഇതു മുൻകൂട്ടിക്കണ്ടാണ് ഉന്നത ഉദ്യോഗസ്ഥൻ രണ്ടാം ഗഡു ചെക്കായി നൽകിയത്. അടുത്ത  മാസം ഡപ്യൂട്ടേഷനിൽ കേന്ദ്രത്തിലേക്കു പോകാൻ സാധ്യതയുള്ള ഇൗ ഉദ്യോഗസ്ഥന്റെ തുടർമാസങ്ങളിലെ ശമ്പളത്തിൽ നിന്നു സാലറി ചാലഞ്ച് ഗഡു കുറവു ചെയ്യാൻ സർക്കാരിനു കഴിയുകയുമില്ല.

എല്ലാവരും സാലറി ചാലഞ്ചിൽ പങ്കെടുക്കണമെന്ന് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പിൽ ഐഎഎസ് അസോസിയേഷൻ ഭാരവാഹികൾ അഭ്യർഥിച്ചെങ്കിലും പ്രതികരണം അനുകൂലമല്ല. ചാലഞ്ചിൽ പങ്കെടുക്കാത്തവരുടെ പേരുകൾ പുറത്തുവിടരുതെന്ന ഹൈക്കോടതി നിർദേശം ഇവർക്കു തുണയാണ്. പ്രതിമാസം രണ്ടേകാൽ ലക്ഷത്തോളം ശമ്പളമുള്ള സീനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്കു പോലും വായ്പാ തിരിച്ചടവും ഇൻഷുറൻസുമൊക്കെ കഴിഞ്ഞ് ഒരു ലക്ഷം രൂപയേ കിട്ടുന്നുള്ളൂവെന്ന വാദമാണ് ഇവർക്ക്.