മൂന്നാർ ∙ കുത്തേറ്റു മരിച്ച മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്നു വട്ടവടയിൽ. മഹാരാജാസിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു ജൂലൈ 2 നാണ് കോളജ് വളപ്പിൽ കൊല്ലപ്പെട്ടത്.
അഭിമന്യുവിന്റെ കുടുംബത്തെ സിപിഎം ഏറ്റെടുത്തിരുന്നു. കൗസല്യയുടെ വിവാഹച്ചടങ്ങുകൾ നടത്തുന്നതും പാർട്ടി തന്നെയാണ്. വട്ടവട ഉൗർക്കാട് കെഇ ഹൈസ്കൂൾ മൈതാനത്ത് തയ്യാറാക്കുന്ന പ്രത്യേക പന്തലിൽ ഇന്നു 11 നാണ് മുഹൂർത്തം. വട്ടവട കീഴ്‌വീട് പരേതനായ കർണൻ–കൃഷ്ണവേണി ദമ്പതികളുടെ മകൻ മധുസൂദനൻ ആണ് വരൻ. മന്ത്രി എം.എം.മണി ഉൾപ്പെടെയുള്ളവർ ചടങ്ങിനെത്തും.
അഭിമന്യുവിന്റെ കുടുംബത്തിന് പാർട്ടിയുടെ നേതൃത്വത്തിൽ സ്ഥലം വാങ്ങി നിർമിച്ചു നൽകുന്ന വീടിന്റെ പണികൾ പുരോഗമിക്കുകയാണ്. അഭിമന്യുവിന്റെ സ്മരണാർഥം പഞ്ചായത്ത് സ്ഥാപിക്കുന്ന പുസ്തകശാലയിലേക്കുള്ള ഗ്രന്ഥങ്ങളുടെ ശേഖരണവും നടക്കുന്നു.