ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയം: പൊലീസ് സഹായം തേടി യുവാവ്

ഹരിപ്പാട് ∙ കെവിൻ മോഡൽ ദുരഭിമാനക്കൊല ആവർത്തിക്കാതിരിക്കാൻ സഹായിക്കണമെന്ന ആവശ്യവുമായി യുവാവ് പൊലീസിനെ സമീപിച്ചു. തമിഴ്നാട് സ്വദേശിനിയായ സഹപാഠിയെ പ്രണയിച്ച പായിപ്പാട് സ്വദേശിയാണു വീയപുരം പൊലീസിൽ പരാതി നൽകിയത്. വിവാഹം കഴിക്കാൻ നടപടി തുടങ്ങിയ തങ്ങളെ കൊല്ലുമെന്നു ഭയമുണ്ടെന്നു പരാതിയിൽ പറയുന്നു.

തിരുവനന്തപുരത്ത് ഒന്നിച്ചു പഠിച്ചപ്പോഴാണ് ഇവർ പ്രണയത്തിലായത്. റജിസ്റ്റർ വിവാഹം ചെയ്യാൻ നടപടി തുടങ്ങിയ ഇരുവരും യുവാവിന്റെ വീട്ടിലെത്തിയിരുന്നു. ഇതറിഞ്ഞു പെൺകുട്ടിയുടെ വീട്ടുകാർ തമിഴ്നാട് പൊലീസിൽ പരാതി നൽകി. തുടർന്നു തമിഴ്നാട് പൊലീസ് എത്തി പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോയി. പെൺകുട്ടിയുടെ വീട്ടുകാർ വലിയ സമ്പന്നരാണെന്നും തങ്ങളെ കൊല്ലുമെന്നു ഭയമുണ്ടെന്നും യുവാവ് പറയുന്നു.

പ്രശ്നം യുവാവ് സമൂഹമാധ്യങ്ങളിലും പങ്കുവച്ചിരുന്നു. പെൺകുട്ടിയെ വീട്ടുകാർ കൊണ്ടുപോയെന്നും തനിക്കോ പെൺകുട്ടിക്കോ എന്തെങ്കിലും സംഭവിച്ചാൽ പെൺകുട്ടിയുടെ വീട്ടുകാരാണ് ഉത്തരവാദികളെന്നും ഒന്നിച്ചു ജീവിക്കാൻ അനുവദിക്കണമെന്നും യുവാവ് കുറിച്ചു. ഒപ്പം വിവാഹത്തിന് അപേക്ഷിച്ച രേഖ കാട്ടി പെൺകുട്ടി സംസാരിക്കുന്ന വിഡിയോയുമുണ്ട്.