ബെംഗളൂരു/ തിരുവനന്തപുരം ∙ പിണറായി മന്ത്രിസഭയിലെ ജനതാദൾ (എസ്) പ്രതിനിധി മാത്യു ടി. തോമസ് സ്ഥാനമൊഴിയും. ദൾ സംസ്ഥാന പ്രസിഡന്റും ചിറ്റൂർ എംഎൽഎയുമായ കെ. കൃഷ്ണൻകുട്ടി ജലവിഭവ മന്ത്രിയാകും. ദളിൽ രൂപം കൊണ്ട രൂക്ഷമായ തർക്കത്തിനൊടുവിൽ കേന്ദ്ര നേതൃത്വത്തിന്റേതാണു തീരുമാനം. തീരുമാനമെടുത്ത ചർച്ചയിൽനിന്നു വിട്ടുനിന്ന് മാത്യു ടി. തോമസ് പ്രതിഷേധം വ്യക്തമാക്കിയെങ്കിലും പാർട്ടിനിർദേശം അംഗീകരിക്കുമെന്ന് അറിയിച്ചു. ദൾ എംഎൽഎമാരായ കൃഷ്ണൻകുട്ടിയും സി.കെ. നാണുവും ബെംഗളൂരുവിൽ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുമായി നടത്തിയ ചർച്ചയിലാണു പ്രഖ്യാപനമുണ്ടായത്. എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ, രണ്ടര വർഷത്തിനു ശേഷം ദളിന്റെ മന്ത്രിപദം കെ. കൃഷ്ണൻകുട്ടിക്കു കൈമാറാൻ ധാരണയുണ്ടായിരുന്നെന്നു ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി പറഞ്ഞു.
ഇതു സംബന്ധിച്ച് ഒൗദ്യോഗികമായി കത്ത് കൈമാറും. ഇടതു മുന്നണി കൺവീനറെയും മുഖ്യമന്ത്രിയെയും ഫോണിൽ തീരുമാനം അറിയിച്ചിട്ടുണ്ട്. മാത്യു ടി.തോമസ് എതിർപ്പൊന്നുമില്ലാതെ ഇക്കാര്യം അംഗീകരിച്ചെന്നും ഡാനിഷ് അലി പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രിമാരിൽ ഒരാളാണു മാത്യു.ടി തോമസ്. എന്നാൽ ദേശീയ- സംസ്ഥാന നേതൃത്വം നേരത്തേയെടുത്ത തീരുമാനപ്രകാരം മന്ത്രിയെ മാറ്റേണ്ടത് അനിവാര്യമായിരുന്നു. ഇതുവരെ കെ. കൃഷ്ണൻകുട്ടി എംഎൽഎ ആയപ്പോഴൊക്കെ ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നതിനാൽ അദ്ദേഹത്തിനു മന്ത്രിയാകാൻ അവസരം ലഭിച്ചിരുന്നില്ല. ഇതും പരിഗണിച്ചെന്നു ഡാനിഷ് അലി പറഞ്ഞു. മന്ത്രിപദം വച്ചുമാറാമെന്ന ധാരണ ഇല്ലെന്ന നിലപാടിലായിരുന്നു മാത്യു ടി. തോമസ്.
മൂന്നാഴ്ച മുമ്പ് ഗൗഡ 3 എംഎൽഎമാരുടെയും യോഗം വിളിച്ചപ്പോൾ പങ്കെടുക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചതോടെ ആ നീക്കവും പൊളിഞ്ഞു. ഔദ്യോഗിക വസതിയിലെ മുൻതാൽക്കാലിക ജീവനക്കാരി തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ നൽകിയ പരാതിക്കു പിന്നിൽ മന്ത്രിസ്ഥാനമോഹികളുടെ താൽപര്യമാണെന്ന പ്രതിഷേധത്തിലായിരുന്നു അദ്ദേഹം. തേജോവധം ചെയ്യുന്നവരോടു സന്ധി സംഭാഷണത്തിനില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചു. എന്നാൽ മൂന്നംഗ നിയമസഭാകക്ഷിയിലെ 2 പേരും മറുവശത്തായതോടെ കേന്ദ്രനേതൃത്വത്തിനു തീരുമാനം എളുപ്പമായി.
രാജി തിങ്കളാഴ്ച
തിരുവനന്തപുരം ∙ മാത്യു ടി. തോമസിന്റെ രാജി തിങ്കളാഴ്ചയേ ഉണ്ടാകൂ. തിരുവല്ലയിലെ വസതിയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയെങ്കിലും രാത്രിയോടെ തലസ്ഥാനം വിട്ട മുഖ്യമന്ത്രി തിങ്കളാഴ്ചയേ തിരിച്ചെത്തൂ. മുഖ്യമന്ത്രിയുടെ സൗകര്യാർഥം രാജിക്കത്തു സമർപ്പിക്കുമെന്നു മാത്യു ടി. തോമസ് അറിയിച്ചു. പകരം മന്ത്രിയായി നിർദേശിക്കപ്പെട്ട കെ. കൃഷ്ണൻകുട്ടിയും മുഖ്യമന്ത്രിയെ കാണാൻ അനുവാദം തേടി. ഈ കൂടിക്കാഴ്ചകൾക്കുശേഷം സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കും.