Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൃഷ്ണൻകുട്ടി പുതിയ ജലവിഭവ മന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

K-Krishnankutty അഭിവാദ്യങ്ങളോടെ: രാജ്ഭവനിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കെ.കൃഷ്ണൻകുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിക്കുന്നു. ഗവർണർ പി.സദാശിവം സമീപം. ചിത്രം: മനോരമ

തിരുവനന്തപുരം∙ ജനതാദളി(എസ്)ന്റെ പുതിയ മന്ത്രിയായി കെ. കൃഷ്ണൻകുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ അഞ്ചു മിനിറ്റ് മാത്രം നീണ്ട ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. തുടർന്ന് മൂന്നാം നമ്പർ സ്റ്റേറ്റ് കാറിൽ സെക്രട്ടേറിയറ്റിലേക്കു പോയ അദ്ദേഹം അവിടെ ജലവിഭവ മന്ത്രിയായി ചുമതലയേറ്റു.

ശബരിമല ഉൾപ്പെടെ വിവാദ വിഷയങ്ങൾ ചൂണ്ടിക്കാട്ടി യുഡിഎഫ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചപ്പോൾ ബിജെപി പ്രതിനിധി ഒ.രാജഗോപാൽ എംഎൽഎ ചടങ്ങിനെത്തി. മന്ത്രിസ്ഥാനം രാജിവച്ച മാത്യു ടി. തോമസ് വളരെ നേരത്തേ തന്നെ എത്തിയിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പമാണു കെ.കൃഷ്ണൻകുട്ടി എത്തിയത്. മാത്യു ടി.തോമസിന്റെ വകുപ്പുകൾ തന്നെ കൃഷ്ണൻകുട്ടി കൈകാര്യം ചെയ്യും.



ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാർ എന്നിവർക്കു പുറമെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്തു. ലോക്താന്ത്രിക് ജനതാദൾ നേതാവ് എം.പി.വീരേന്ദ്രകുമാർ എംപി, ജനപക്ഷം നേതാവ് പി.സി.ജോർജ് എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി.

കൃഷിക്കാർക്ക് വെള്ളം എത്തിക്കാൻ പ്രയത്നിക്കും: കൃഷ്ണൻകുട്ടി
തിരുവനന്തപുരം ∙ ഏറ്റവും അമൂല്യമായ ജലസമ്പത്തു നിലനിർത്താനും കൃഷിക്കാർക്കു ജലം ആവശ്യമനുസരിച്ച് എത്തിച്ചു കൊടുക്കാനും പ്രയത്നിക്കുമെന്നു മന്ത്രിയായി ചുമതലയേറ്റ കെ. കൃഷ്ണൻകുട്ടി. ജലംപോലെ പ്രധാനപ്പെട്ടതാണ് ജലവിഭവ വകുപ്പും. ജലം ഇല്ലാതെ കൃഷിയില്ല. കൃഷിക്കാരൻ എന്ന നിലയിൽ അക്കാര്യം എനിക്ക് ഏറ്റവും നന്നായി അറിയാം. എല്ലാ കൃഷിക്കാർക്കും ആവശ്യത്തിനു ജലവും എല്ലാവർക്കും ആവശ്യാനുസരണം ശുദ്ധജലവും എത്തിക്കാൻ കഴിയുന്നത്ര ശ്രമിക്കുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.

രാജ്ഭവനിലെ സത്യപ്രതിജ്ഞയ്ക്കു ശേഷം വൈകിട്ട് ആറിന് സെക്രട്ടേറിയറ്റിലെ നോർത്ത് സാൻവിജ് ബ്ലോക്കിലെ ഓഫിസിലെത്തി മന്ത്രി ചുമതലയേറ്റു. തുടർന്ന് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച. ഇന്നു നിയമസഭയിലെത്തുന്ന സബ്മിഷനുകൾക്കായുള്ള തയ്യാറെടുപ്പിലേക്കും മന്ത്രി കടന്നു.

സഭയിൽ മാത്യു ടി.ഇനി രണ്ടാം നിരയിൽ

തിരുവനന്തപുരം∙ മന്ത്രിസ്ഥാനം രാജിവച്ച മാത്യു ടി. തോമസ് നിയമസഭയിൽ ഇനി രണ്ടാം നിരയിൽ. എസ്.ശർമയ്ക്കു സമീപമാണു പുതിയ ഇരിപ്പിടം. മന്ത്രിമാരായ എം.എം. മണി, കെ.ടി.ജലീൽ, സി.രവീന്ദ്രനാഥ് എന്നിവരും ഒരു വശത്തുണ്ട്.

related stories