Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ജല’ പ്രിയനായകൻ; ദേ, ഇതൊക്കെയാണു പുതിയ മന്ത്രി

k-krishnankutty-in-tractor കൃഷ്ണൻകുട്ടി കൃഷിയിടത്തിൽ (ഫയൽ ചിത്രം)

കെ.കൃഷ്ണൻകൂട്ടി ജലവിഭവ വകുപ്പ് മന്ത്രിയാകുമ്പോൾ അതിലൊരു കാവ്യനീതിയുണ്ട്. അന്തർ സംസ്ഥാന നദീജല കരാറുകളെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും കരാർ ലംഘനങ്ങൾക്കെതിരെ ശബ്ദിക്കുകയും ചെയ്ത കൃഷിക്കാരനും രാഷ്ട്രീയക്കാരനുമാണ് ജലവിഭവ വകുപ്പു മന്ത്രിയാകുന്ന കെ.കൃഷ്ണൻകുട്ടി. പാലക്കാട് ജില്ലയിൽ ജലക്ഷാമം ഏറെയുള്ള ചിറ്റൂർ താലൂക്കിലെ 40 ഏക്കറിൽ തെങ്ങു മുതൽ പച്ചക്കറി വരെ ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിളയിക്കുന്ന സമ്മിശ്ര കർഷകനായ കൃഷ്ണൻകുട്ടിക്ക് ഓരോ തുള്ളി വെള്ളത്തിന്റെയും വിലയറിയാം. സംരക്ഷിത കൃഷിയും സൂക്ഷ്മകൃഷിയും തുള്ളിനനയുമെല്ലാം അദ്ദേഹം പരീക്ഷിച്ചു വിജയിപ്പിക്കുന്നു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തിന്റെ പ്രഥമ കാർഷിക വികസന നയ രേഖ തയാറാക്കാൻ ചുമതല ഏൽപ്പിച്ചതു കൃഷ്ണൻകുട്ടിയെയാണ്. ആ രേഖ പിന്നീട് കേന്ദ്ര കൃഷിവകുപ്പിനും മാതൃകയായി. കൃഷിക്കു മാത്രമല്ല സോഷ്യലിസ്റ്റുകൾക്കും എല്ലാക്കാലത്തും വളക്കൂറുള്ള മണ്ണാണു ചിറ്റൂരിലേത്. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി നേതാവ് കെ. ശിവരാമഭാരതി വിതച്ച വിത്തുകൾ തഴച്ചുവളർന്ന അറുപതുകളിൽ കൃഷ്ണൻകുട്ടി കോൺഗ്രസ് പ്രവർത്തകനായിരുന്നു. 1969ലെ പിളർപ്പിൽ സംഘടനാ കോൺഗ്രസിനൊപ്പം നിന്ന കൃഷ്ണൻകുട്ടി പിന്നീടു ജനതാ പാർട്ടിയിലും തുടർന്നു ജനതാദളിലുമെത്തി. 1980ൽ ജനതാപാർട്ടി സ്ഥാനാർഥിയായി. സിറ്റിങ് എംഎൽഎ ആയിരുന്ന സിപിഐയിലെ പി.ശ‍ങ്കറിനെ 364 വോട്ടിനു തോൽപിച്ച് നിയമസഭയിലെത്തി.

1982ൽ ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അയ്യായിരത്തോളം വോട്ടുകൾക്കു തോൽപിച്ചു. 1987ൽ മൂന്നാം തവണ മത്സരിച്ചപ്പോൾ കാലിടറി. കോൺഗ്രസ് സ്ഥാനാർഥി കെ.എ. ചന്ദ്രനോടു തോൽവിയറിഞ്ഞു. പക്ഷേ, 1991ൽ കെ.എ. ചന്ദ്രനെ 3000 വോട്ടിനു തോൽപിച്ചു മണ്ഡലം തിരികെപ്പിടിച്ചു. 1996 മുതൽ 2006 വരെയുള്ള 3 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ കെ. അച്യുതനോടു പരാജയം. 2009ൽ ജനതാദൾ പിളർന്നപ്പോൾ എം.പി. വീരേന്ദ്രകുമാർ നേതൃത്വം നൽകിയ വിഭാഗത്തിനൊപ്പമായിരുന്നു കൃഷ്ണൻകുട്ടി.

പക്ഷേ, യുഡിഎഫിലായിരുന്ന വീരേന്ദ്രകുമാർ വിഭാഗത്തോടും ചിരവൈരികളായ കോൺഗ്രസിനോടും ചേർന്നു പോകാനാകാതെ 2016ൽ മാത്യു ടി. തോമസ് നേതൃത്വം നൽകിയ ജനതാദളിൽ ചേർന്ന് ചിറ്റൂരിൽ മത്സരിച്ചു ജയിച്ചു. തുടർന്ന് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റായി. ഭാര്യ വിലാസിനിക്കും മകൻ നാരായണൻകുട്ടിക്കുമൊപ്പം ചിറ്റൂർ എഴുത്താണിയിലെ വീട്ടിലാണു താമസം. മറ്റു മക്കൾ – ലത ബാലസായി, കെ.അജയൻ, വ്യവസായ വകുപ്പ് ഡയറക്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ.ബിജു.

related stories