Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമസഭാംഗത്വം റദ്ദാക്കൽ: കോടതി നിലപാടുകൾ പല മട്ടിൽ

Supreme Court of India

ന്യൂഡൽഹി ∙ നിയമസഭാംഗത്വം റദ്ദാക്കിയുള്ള ഹൈക്കോടതി വിധികൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി പലപ്പോഴും പല നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. 2005ൽ, ജോസഫ് എം. പുതുശേരിയുടെ ഹർജി ആദ്യം പരിഗണിച്ചപ്പോൾ ഉപാധികളോടെയുള്ള സ്റ്റേയാണ് അനുവദിച്ചത്. റജിസ്റ്ററിൽ ഒപ്പിട്ടശേഷം സഭയിലിരിക്കാം; എന്നാൽ, നടപടികളിൽ പങ്കെടുക്കാൻ പാടില്ലെന്നും വോട്ട് ചെയ്യരുതെന്നും സാമ്പത്തികാനുകൂല്യങ്ങൾ കൈപ്പറ്റരുതെന്നുമായിരുന്നു നിർദേശം.

തമ്പാനൂർ രവിയുടെ കേസിലും ഇത്തരത്തിൽ സോപാധിക സ്റ്റേയാണ് അനുവദിച്ചത്. 2008ൽ, എം. ജെ. ജേക്കബിന്റെ കേസിൽ, വോട്ടും ആനുകൂല്യങ്ങളും പാടില്ലെന്നും ചർച്ചകളിൽ പങ്കെടുക്കുന്നതിനും എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതിനും തടസ്സമില്ലെന്നുമാണ് കോടതി പറഞ്ഞത്. രാജ്യസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ശരദ് യാദവിന് സഭാനടപടികളിൽ പങ്കെടുക്കുന്നതിന് ഡൽഹി ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. എന്നാൽ ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റാനും ഒൗദ്യോഗിക വസതിയിൽ തുടരാനും തടസ്സമില്ലെന്നും കോടതി പറഞ്ഞു. പക്ഷേ, സഭാനടപടികളിൽ പങ്കെടുക്കാൻ മാത്രമല്ല, സാമ്പത്തികാനുകൂല്യങ്ങൾക്കും വിലക്കുണ്ടെന്നും ഒൗദ്യോഗിക വസതിയിൽ തുടരാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ശരദ് യാദവിനെ അയോഗ്യനാക്കി ഉപരാഷ്ട്രപതി നൽകിയ ഉത്തരവ് സ്റ്റേ ചെയ്യാൻ ഹൈക്കോടതിയും സുപ്രീം കോടതിയും തയാറായതുമില്ല.