കോഴിക്കോട് /തിരുവനന്തപുരം∙ കഴിഞ്ഞ മേയിൽ കേരളത്തെ നടുക്കിയ നിപ്പ വൈറസ് ബാധയിൽ 21 പേർ മരിച്ചുവെന്ന് രാജ്യാന്തര ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്. 23 പേർക്ക് രോഗം ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. രോഗം ഒൗദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുൻപേ 5 പേർ നിപ്പ പിടിപെട്ടു മരിച്ചുവെന്നു പറയുന്ന റിപ്പോർട്ട്, സംസ്ഥാന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകളെ തള്ളിക്കളയുന്നതാണ്.
ആകെ 18 പേർക്ക് വൈറസ് ബാധയുണ്ടായതിൽ 16 പേർ മരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് വെളിപ്പെടുത്തിയിരുന്നത്. ഗവ. മെഡിക്കൽ കോളജിലെ റേഡിയോളജി വിഭാഗം എക്സ്റേ അറ്റൻഡർ വി.സുധയുടെ മരണകാരണം നിപ്പ വൈറസാണെന്നും റിപ്പോർട്ടിലുണ്ട്. രണ്ടാമത്തെ മരണമുണ്ടായപ്പോൾത്തന്നെ വൈറസ് ബാധ കണ്ടുപിടിക്കാനായെന്ന അവകാശവാദം ഇതോടെ അസ്ഥാനത്തായി. ആദ്യം മരിച്ച അഞ്ചുപേരിൽ രോഗം സംശയിക്കാൻ ആയില്ലെന്നത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്നാണ് ഇപ്പോൾ വിമർശനം ഉയരുന്നത്. അതേസമയം, രോഗലക്ഷണങ്ങളോടെ മരിച്ചവരുടെ കണക്കും ചേർത്തതിനാലാണ് സർക്കാർ കണക്കിനെക്കാൾ രാജ്യാന്തര ജേണലിലെ മരണസംഖ്യ കൂടിയതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
നിപ്പ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ച മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലെ ഡോ. ജി.അരുൺകുമാർ, സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ എന്നിവരടങ്ങുന്ന സംഘമാണു റിപ്പോർട്ട് തയാറാക്കിയത്. ബ്രിട്ടിഷ് മെഡിക്കൽ ജേണൽ, ദ് ജേണൽ ഓഫ് ഇൻഫെക്‌ഷസ് ഡിസീസസ് എന്നിവയിലാണിതു പ്രസിദ്ധീകരിച്ചത്. ഒൗദ്യോഗിക കണക്കുപ്രകാരം പേരാമ്പ്ര താലൂക്കാശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിനി പുതുശ്ശേരി മാത്രമാണു നിപ്പ ബാധമൂലം മരിച്ച ആരോഗ്യവകുപ്പ് ജീവനക്കാരി.
ആരോഗ്യവകുപ്പിന്റെ കണക്ക് – 18 പേർക്കു നിപ്പ സ്ഥിരീകരിച്ചു, അതിൽ 16 പേർ മരിച്ചു. 2 പേർ രോഗവിമുക്തരായി. ആദ്യം മരിച്ച പേരാമ്പ്രയിലെ സാബിത്തിന്റെ മരണം നിപ്പ മൂലമാണെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. സാബിത്തിന്റെ സഹോദരൻ സാലിഹ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മേയ് 18നു മരിച്ചതോടെ കാരണം നിപ്പയാണെന്നു കണ്ടെത്താൻ കഴിഞ്ഞു. മേയ് 20ന് ഔദ്യോഗിക സ്ഥിരീകരണം വന്നു.
രാജ്യാന്തര പഠന റിപ്പോർട്ടിൽ പറയുന്നത് – നിപ്പ വൈറസ് 23 പേർക്കു പിടിപെട്ടു. 21 പേർ മരിച്ചു. 2 പേർ രക്ഷപ്പെട്ടു. 18 പേർക്കു രോഗം സ്ഥിരീകരിച്ചു. രോഗം ഒൗദ്യോഗികമായി സ്ഥിരീകരിക്കുന്ന മേയ് 20നു മുൻപേ 5 പേർ നിപ്പ പിടിപെട്ടു മരിച്ചു. പക്ഷേ, അവരുടെ സാംപിളുകൾ ശേഖരിക്കുകയോ പരിശോധന നടത്തുകയോ ചെയ്യാത്തതിനാൽ നിപ്പ സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണു ജേണലിൽ പ്രസിദ്ധീകരിച്ചതെന്നു ഡോ. അരുൺകുമാർ പ്രതികരിച്ചു. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ അനുവാദത്തോടെയാണു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കൂടുതൽ മരണങ്ങളുണ്ടായെന്ന കാര്യം ലാബ് പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന കാര്യം റിപ്പോർട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
∙ 'നിപ്പയെ തുടർന്ന് 16 പേരാണു മരിച്ചതെന്നു ലാബ് പരിശോധനയുടെ അടിസ്ഥാനത്തിലാണ് സ്ഥിരീകരിച്ചത്. അതിൽ മാറ്റമില്ല. ലാബ് പരിശോധനാ ഫലം ചിലരുടേത് നെഗറ്റീവായിരുന്നു. എന്നാൽ അവരിൽ പലർക്കും എച്ച്1എൻ1 ആയിരുന്നു. ഇതു സംബന്ധിച്ച് ഡോ. അരുൺ കുമാറുമായി സംസാരിച്ചിരുന്നു. മരിച്ചവരിൽ നിപ്പ സംശയമുള്ള കേസുകളും ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ റേഡിയോളജി അസിസ്റ്ററ്റിന്റെ മരണം നിപ്പയാണോയെന്നു പരിശോധന പോലും നടത്തിയിരുന്നില്ല.' - കെ.കെ.ശൈലജ, ആരോഗ്യ മന്ത്രി