കോഴിക്കോട്∙ തന്റെ പേരിൽ വ്യാജ നോട്ടിസടിച്ചവർ അവരുടെ കൂടെയുള്ള അൽപം വിവരമുള്ള ആരോടെങ്കിലും ചോദിച്ചിട്ടു വേണമായിരുന്നു അത് ചെയ്യേണ്ടിയിരുന്നതെന്ന് കെ.എം.ഷാജി. ഇസ്‌ലാമിക വിശ്വാസങ്ങൾ പരാമർശിക്കുന്ന ഒരു നോട്ടിസ് തെറ്റുകൂടാതെ അടിക്കാനുള്ള മതപഠനമൊക്കെ കഴിഞ്ഞാണ് താൻ വരുന്നത്. വർഗീയവാദിയാണെന്ന് ഏതെങ്കിലും കാലത്ത് തെളിയിക്കാൻ കഴിഞ്ഞാൽ താൻ രാഷ്ട്രീയം നിർത്തും.
മുസ്‌ലിം യൂത്ത് ലീഗിന്റെ യുവജനയാത്രയുടെ ജില്ലയിലെ പര്യടനത്തിന്റെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കെ.എം.ഷാജി. കടലും കടലാടിയും തമ്മിലുള്ള ബന്ധം പോലും പിണറായി വിജയനും നവോത്ഥാനവും തമ്മിലില്ലെന്നും ഷാജി പറഞ്ഞു. എത്ര പ്രളയം വന്നാലും ഒഴുകിപ്പോവാത്ത മരമാണ് പിണറായിയുടെ ലാവ്‌ലിൻ അഴിമതിക്കേസ്.
പ്രീം കോടതി വിധിയിൽ സ്റ്റേ നേടി പുറത്തിറങ്ങിയപ്പോൾ മുഖത്ത് സന്തോഷമില്ലാത്തതെന്താണെന്ന് ലീഗിലെ മറ്റു നേതാക്കൾ ചോദിച്ചു. വ്യാജ നോട്ടിസടിച്ചവന്റെ അണപ്പല്ല് തല്ലിത്താഴെയിടാതെ സന്തോഷിക്കാൻ കഴിയില്ലെന്നും കെ.എം.ഷാജി പറഞ്ഞു. കോഴിക്കോട് ബീച്ചിനെ ജനസാഗരമാക്കിയാണ് യൂത്ത്‌ലീഗ് യുവജനയാത്ര എത്തിയത്. സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല അധ്യക്ഷത വഹിച്ചു.