പരസ്പരം കൊമ്പുകോർത്തു രാഷ്ട്രീയപ്പട നയിക്കുന്ന മൂന്ന് ഉന്നത നേതാക്കൾ നവകേരള സൃഷ്ടിക്കായി പരസ്പരം കൈ കൊടുത്തു. ആരോപണ പ്രത്യാരോപണങ്ങളിലേക്കു കാടുകയറാമായിരുന്ന ചർച്ചയെ അവർ തന്നെ ഐക്യത്തിന്റെ വഴിയേ തിരിച്ചുവിട്ടു. കത്തിക്കാളുന്ന രാഷ്ട്രീയ ചേരിതിരിവിനിടയിലും മൂന്നുപേരും പ്രകടിപ്പിച്ച യോജിപ്പ് പുതിയ കേരളം പടുത്തുയർത്താനുളള പ്രതീക്ഷാനാളമായി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള എന്നിവരാണു ‘കേരളം നാളെ’ വികസന ഉച്ചകോടിയുടെ രാഷ്ട്രീയസംവാദത്തിൽ ഒത്തുചേർന്നത്. ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ മാത്യൂസ് രാഷ്ട്രീയേതര നേതൃത്വത്തിന്റെ പ്രതിനിധിയായി. മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് മോഡറേറ്ററായിരുന്നു.
ആചാരങ്ങൾ ലംഘിക്കപ്പെടണമെന്നു ശഠിക്കുന്ന രാഷ്ട്രീയനേതൃത്വം രാഷ്ട്രീയ ദുരാചാരങ്ങളിൽ നിന്നു മുക്തമാകണ്ടേ എന്നു ചോദ്യമുയർന്നപ്പോൾ കോടിയേരിക്ക് ഒരു സംശയവുമുണ്ടായില്ല: ‘‘അതെ, നവോത്ഥാനം രാഷ്ട്രീയത്തിലും വേണം. പഴയ സ്ഥിതിയിൽനിന്ന് ഒരു പാടു മാറ്റം വന്നിട്ടുണ്ട്. എന്തിനുമേതിനും ഹർത്താലെന്ന രീതി ഉപേക്ഷിക്കാൻ കഴിയണം. ഒഴിച്ചുകൂടാൻ വയ്യാത്ത സ്ഥിതിയിൽ വേണ്ടിവരും. അക്കാര്യത്തിൽ പൊതു ചർച്ചയാകാം.’’ കോടിയേരിയുടെ ഈ നിർദേശം ചർച്ച ചെയ്യാമെന്നു മുല്ലപ്പള്ളിയും ശ്രീധരൻപിള്ളയും.
ആത്മപരിശോധനയുടെ സ്വരമാണു മുല്ലപ്പള്ളിയുടെ ആദ്യപ്രതികരണത്തിൽ തന്നെയുണ്ടായത്. ‘‘രാഷ്ട്രീയ ഏറ്റുമുട്ടലിനാണു മുൻഗണന. രാഷ്ട്രീയ സമന്വയത്തിനല്ല. പ്രതിപക്ഷത്തെത്തിയാൽ പിന്നെ എല്ലാം സ്തംഭിപ്പിച്ചാൽ മതിയെന്നാണ്.’’
ഈ രീതി മാറ്റിയില്ലെങ്കിൽ നാടിനു മുന്നോട്ടുപോകാനാവില്ലെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തോടു ശ്രീധരൻപിളളയും യോജിച്ചു: ‘‘ക്രിയാത്മകതയേക്കാൾ നിഷേധാത്മകത, ജനകീയ രാഷ്ട്രീയത്തേക്കാൾ അധികാര രാഷ്ട്രീയം. ഇതാണു കേരളത്തിൽ.’’ എങ്ങനെയും അധികാരത്തിലേറുക, ശേഷം അധികാരം നിലനിർത്തുക ഈ രണ്ട് അജൻഡകളിൽ പാർട്ടികൾ കുടുങ്ങിപ്പോയതിന്റെ ഫലമല്ലേ ഇതെന്നു വി.കെ. മാത്യൂസ് ചോദിച്ചു. ഓരോ മുന്നണിക്കും ഒപ്പം നിൽക്കുന്ന വിഭാഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിനെ അധികാരം നിലനിർത്താനുള്ള മാർഗം മാത്രമായി ചുരുക്കരുതെന്നതായി അപ്പോൾ കോടിയേരി. പ്രളയവേളയിൽ ഒന്നിച്ചശേഷം വീണ്ടും ഭിന്നിച്ചെന്ന വിമർശനത്തെ മറുയുക്തി കൊണ്ടു കോടിയേരി നേരിട്ടു: ‘‘ഒന്നിച്ചുനിന്നതിനു കാരണം നമ്മുടെ ഉയർന്ന രാഷ്ട്രീയബോധമാണ്.’’
മുൻഗണന മതിലോ നവകേരളമോ ?
പ്രളയം തകർത്തടിച്ച നാടിന്റെ മുൻഗണന നവകേരളത്തിന്റെ സൃഷ്ടിയാണോ വനിതാ മതിലാണോ – ചോദ്യം മുല്ലപ്പള്ളി രാമചന്ദ്രന്റേത്. ‘മതനിരപേക്ഷതയാണു കേരളത്തിന്റെ ശക്തി. അതിനെ പിറകോട്ടടിക്കാനും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനും ശ്രമിച്ചാൽ ആദ്യം അതിനെ ചെറുക്കേണ്ടിവരും.’– കോടിയേരി പറഞ്ഞു. എവിടെയാണു നവോത്ഥാന പാരമ്പര്യമെന്നായി മുല്ലപ്പള്ളി.
തർക്കം കടുത്തപ്പോൾ കോടിയേരി തന്നെ ഇടപെട്ടു: ‘‘ ഇവിടെ ചർച്ചയുടെ വിഷയം ഒത്തൊരുമയുടെ രാഷ്ട്രീയമാണ്. ഇങ്ങനെ പറഞ്ഞുപോയാൽ നാം അക്കാര്യത്തിൽ എവിടെയും എത്തില്ല.’’ സംവാദം വീണ്ടും ഐക്യത്തിന്റെ ട്രാക്കിലേക്ക്. ഇതിനിടെ, കേന്ദ്രസർക്കാരിന്റെ പുതിയ സഹായപ്രഖ്യാപനത്തെക്കുറിച്ചുള്ള മോഡറേറ്ററുടെ അറിയിപ്പ് വന്നപ്പോൾ മൂന്നുപേരും അതു കയ്യടിച്ചു സ്വീകരിച്ചു.