പരിസ്ഥിതിഘടന നോക്കി സംസ്ഥാനത്തെ വിവിധ മേഖലകളായി തിരിക്കണമെന്നും കെട്ടിട നിർമാണ പ്ലാനുകൾ ഓരോ മേഖലയ്ക്കും അനുസൃതമായി തയാറാക്കണമെന്നും ‘കേരളം നാളെ’ ഉച്ചകോടിയിൽ നിർദേശം.
പ്രകൃതിയുടെ നിലനിൽപും മറ്റു പരിസ്ഥിതി ഘടകങ്ങളും കണക്കിലെടുത്താവണം ഭാവിയിൽ കെട്ടിടങ്ങൾ നിർമിക്കേണ്ടതെന്നു മുൻ ചീഫ് സെക്രട്ടറി ജോസ് സിറിയക് മോഡറേറ്ററായി നടന്ന ‘പുനർനിർമാണം: ഹരിത സുസ്ഥിര വഴികൾ’ എന്ന ചർച്ചയിൽ നിർദേശമുയർന്നു. നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ പുനഃപരിശോധിക്കണം. ഭൂവിഭവ വിനിയോഗം പരിമിതപ്പെടുത്തുകയും പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ക്വാറി പ്രവർത്തനം പൂർണമായി നിർത്തുകയും വേണം.
മറ്റു നിർദേശങ്ങൾ:
∙ പുതിയ ഊർജ സംരക്ഷണ മാതൃകകൾ കൊണ്ടുവരണം. പരിസ്ഥിതി സൗഹൃദ മാതൃകകൾക്കു മുൻഗണന വേണം. കാർബൺ ന്യൂട്രൽ പഞ്ചായത്തുകൾ മികച്ച മാതൃകയാണ്. 15 വർഷത്തിനകം കേരളം സമ്പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനം ആകുന്നതിനാവശ്യമായ നിയമങ്ങൾ ഉണ്ടാക്കണം.
∙ മാലിന്യ സംസ്കരണത്തിനു പുത്തൻ കാഴ്ചപ്പാട് വേണമെന്നു പ്രളയം പഠിപ്പിച്ചു. കേന്ദ്രീകൃത, വികേന്ദ്രീകൃത സംവിധാനങ്ങൾ വേണം. പ്രദേശത്തിനും പരിസ്ഥിതിക്കും മാലിന്യത്തിന്റെ സ്വഭാവത്തിനും അനുസരിച്ചുള്ള മാതൃകകൾ വികസിപ്പിക്കാം.
∙ ഡാം സുരക്ഷയ്ക്ക് എമർജൻസി ആക്‌ഷൻ പ്ലാനുകൾ (ഇഎപി) വേണം. ഡാമുകളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളും അലർട്ടുകളും സംബന്ധിച്ച മാർഗനിർദേശങ്ങൾ മുൻകൂട്ടി ഉണ്ടാകണം. ജനങ്ങൾക്കു തയാറെടുപ്പു നടത്താൻ ഇതാവശ്യമാണ്.
∙ പൊതു–ഗാർഹിക– വ്യാവസായിക ആവശ്യങ്ങൾക്കായി സൗരോർജ സാധ്യതകൾ ഉപയോഗിക്കണം. കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ) മാതൃകയാണ്. സൗരോർജ ഉൽപാദനം പ്രോൽസാഹിപ്പിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സിയാൽ എംഡി വി.ജെ. കുര്യന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കണം.
∙ തരിശു നിലങ്ങളിൽ കൃഷിയിറക്കണം. ഓരോ പ്രദേശത്തെയും പരിസ്ഥിതിക്കനുസരിച്ചുള്ള വിഷമില്ലാത്ത വിളകളും പ്രകൃതി സൗഹൃദ കൃഷി രീതികളും വേണം. ജൈവ കാർഷിക സമൃദ്ധിയിലൂടെ ഭക്ഷ്യമേഖലയിൽ സ്വയം പര്യാപ്തത നേടണം.
∙ കുടുംബശ്രീയുടെ കരുത്ത് സുസ്ഥിര വികസനത്തിനായി ഉപയോഗിക്കണം. മാലിന്യ നിർമാർജനം, ജലസംരക്ഷണം, ജൈവകൃഷി, നിർമാണ സാമഗ്രികളുടെ ഉൽപാദനം, ദുരന്തനിവാരണ പരിശീലനം, ബോധവൽക്കരണം എന്നിവയിൽ കുടുംബശ്രീ പങ്കുവഹിക്കണം.
ചർച്ചയിൽ പങ്കെടുത്തവർ
മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ജെയിംസ് വർഗീസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ, ജൈവ വൈവിധ്യ ബോർഡ് മുൻ അധ്യക്ഷൻ ഉമ്മൻ വി.ഉമ്മൻ, അനർട്ട് ഡയറക്ടർ ഡോ. ആർ .ഹരികുമാർ, ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അജയ് കുമാർ വർമ, പ്യുവർ ലിവിങ് മേധാവി ലക്ഷ്മി മേനോൻ, തണൽ ഡയറക്ടർ ഡോ. ശ്രീധർ, റീ സൈക്കിൾ ബിൻ മേധാവി ഗംഗ ദിലീപ്, ഹസാർഡ് അനലിസ്റ്റ് (കെഎസ്ഡിഎംഎ) കെ. നിഥിൻ ഡേവിസ്. ഡോ. എം.എസ്. സ്വാമിനാഥൻ, ഡോ. മാധവ് ഗാഡ്ഗിൽ എന്നിവർ വിഡിയോയിലൂടെ ആശയങ്ങൾ പങ്കിട്ടു.