Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരവാദിത്ത ടൂറിസം, മാസ്റ്റർ പ്ലാനോടെ

G. Vijayaraghavan ജി. വിജയരാഘവൻ

പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഉൾപ്പെടെ കർശന നിയമവ്യവസ്ഥകളോടെയും മറ്റു പ്രദേശങ്ങളിൽ മേഖല തിരിച്ചും മാസ്റ്റർ പ്ലാൻ തയാറാക്കി ഉത്തരവാദിത്ത, സുസ്ഥിര ടൂറിസം നടപ്പാക്കണമെന്നു ‘ഭാവി കേരളം – ലോകമാതൃകകൾ’ ചർച്ചയിൽ വിദഗ്ധർ. ഭിന്നശേഷിയുള്ളവർക്കും പ്രായമായവർക്കും അനുകൂലമായ വിനോദസഞ്ചാരസൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ടെക്നോപാർക്ക് സ്ഥാപക സിഇഒയും ആസൂത്രണ ബോർഡ് മുൻ അംഗവുമായ ജി. വിജയരാഘവൻ മോഡറേറ്ററായിരുന്നു.

മറ്റു നിർദേശങ്ങൾ

∙ കാലാകാലങ്ങളിൽ കൂടുതൽ മെറ്റൽ നിരത്തി പൊക്കം കൂട്ടിയുള്ള റോഡ് നിർമാണം ഒഴിവാക്കുക. റോഡ് കുഴിച്ചു നിലവിലുള്ള വസ്തുക്കൾ ഉപയോഗപ്പെടുത്തി ബലപ്പെടുത്തിയാൽ (എഫ്ഡിആർ) ചെലവ് കുറയ്ക്കാം.

∙ തോട്ടവിള പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മൂന്നാം ലോക രാഷ്ട്രങ്ങളുമായുള്ള വിള ഉൽപാദന മത്സരം ഒഴിവാക്കി വികസിത രാജ്യങ്ങളുമായി മത്സരത്തിലേക്കു നീങ്ങണം. ആദ്യത്തേത് വിലയിടിവിനിടയാക്കുന്നു. കാലാവസ്ഥാ മാറ്റത്തെ നേരിടുന്ന വിളകളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കണം. ഉദാഹരണത്തിനു പൊക്കാളി.

∙ അഞ്ചു വർഷം കൊണ്ട് കഴിയുന്നത്ര മേഖലകൾ പ്ലാസ്റ്റിക് മുക്തമാക്കുക. പ്രളയകാലത്തെ ജലനിരപ്പു രേഖപ്പെടുത്തുക. ദുരന്തകാലത്തെ പ്രദേശങ്ങളുടെ സ്ഥിതിവിവരത്തിനു സ്വതന്ത്ര പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാം. ജലപാതകളെക്കുറിച്ചും ജലസ്രോതസ്സുകളെക്കുറിച്ചും മലിനജലനിർഗമന മാർഗങ്ങളെക്കുറിച്ചും സമഗ്രപഠനം വേണം.

∙ പാവപ്പെട്ടവർക്കു സമ്പൂർണ ആരോഗ്യ ഇൻഷുറൻസ്, ആതുരമേഖയിലുള്ളവരും സാങ്കേതിക–സന്നദ്ധപ്രവർത്തകരും ഉൾപ്പെട്ട ഡിസാസ്റ്റർ ട്രോമ കെയർ കേഡർ സംവിധാനം, ആയുർവേദം, കളരി തുടങ്ങിയ പാരമ്പര്യ ചികിത്സാരീതികളുടെ ഉപയോഗം എന്നിവ ആരോഗ്യരംഗത്തു നടപ്പാക്കുക. റോഡപകടരഹിത സംസ്ഥാനമാക്കി മാറ്റുക.

∙ ആധുനിക സാങ്കേതിക ഉപകരണങ്ങളോടെ കായികപരിശീലനം, പ്രളയദുരന്തങ്ങളെ നേരിടാൻ ജനങ്ങൾക്കു തുഴച്ചിൽ–നീന്തൽ പരിശീലനം, ജീവിതശൈലീരോഗങ്ങൾ കുറയ്ക്കാൻ സ്കൂൾ– കോളജ് തല പദ്ധതികൾ, സ്റ്റേഡിയങ്ങളുടെ ആധുനികീകരണം എന്നിവ കായികമേഖലയിൽ നടപ്പാക്കുക. രാജ്യാന്തര, ദേശീയ കായികമത്സരങ്ങൾക്കു കേരളം വേദിയാകുന്നതു സാമ്പത്തികവികസനത്തിനു സഹായകരം.

∙ ഉന്നതവിദ്യാഭ്യാസം നേടാൻ സംസ്ഥാനത്തിനു പുറത്തുപോകുന്നത് ഒഴിവാക്കുക.

∙ സർക്കാരിന്റെ പദ്ധതികളും സേവനങ്ങളും നിയമങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവന്നു സുതാര്യ വിവരവിനിമയം.

∙ സ്വകാര്യ, സർക്കാർ ഓഫിസുകൾ വനിതാ സൗഹൃദമാക്കുക.

∙ രണ്ടു സ്മാർട് സിറ്റികൾ മാത്രം പോരാ, കേരളം തന്നെ സ്മാർട് ആകുന്ന തരത്തിലുള്ള സാങ്കേതികവികസനം വേണം.

ചർച്ചയിൽ പങ്കെടുത്തവർ

ഡോ. കെ.എം. ഏബ്രഹാം (മുൻ ചീഫ് സെക്രട്ടറി), എം. ശിവശങ്കർ (സെക്രട്ടറി, ഐടി വകുപ്പ്), കെ. നന്ദകുമാർ (പ്രസിഡന്റ് ആൻഡ് സിഇഒ, സൺടെക് ബിസിനസ് സൊല്യൂഷൻസ്), ഇ.എം.നജീബ് (സീനിയർ വൈസ് പ്രസിഡന്റ്, അയാട്ടോ), ജെന്നിഫർ നോഷ് (റിസോഴ്സ് പഴ്സൻ, ഗോയ്ഥെ സെൻട്രം), ഗോപിനാഥ് പാറയിൽ (ബ്ലൂ യോണ്ടർ സ്ഥാപകൻ), ഡോ. ബി.ജി.ശ്രീദേവി (നാറ്റ്പാക് സീനിയർ സയന്റിസ്റ്റ്), ഡോ. ജി. കിഷോർ (പ്രിൻസിപ്പൽ, കാര്യവട്ടം എൽഎൻസിപിഇ), അനിൽകുമാർ (സിഒഒ, ടോറസ് ഇന്ത്യ), അജയ് പത്മനാഭൻ (സിഇഒ, കാര്യവട്ടം സ്പോർട്സ് ഹബ്), ഡോ. ജാൻസി ജെയിംസ് (എംജി സർവകലാശാല മുൻ വിസി).

വിഡിയോ വഴി പങ്കെടുത്തവർ

എം.എ.യൂസഫലി (ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയും), ക്രിസ് ഗോപാലകൃഷ്ണൻ (ഇൻഫോസിസ് സഹസ്ഥാപകൻ), രാജ് രാജ്കുമാർ (സിംഗപ്പൂർ), വിനോദ് മേനോൻ (യുകെ), ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് (സിംഗപ്പൂർ), ഡോ. സുരേഷ് സി.പിള്ള (അയർലൻഡ്), ഡോ. ലാൽ സദാശിവൻ (യുഎസ്), ചന്ദ്രൻ നായർ (സിംഗപ്പൂർ).