Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൂറിസം മേഖലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കും: ‘കേരളം നാളെ’ ഉച്ചകോടിയിൽ കോടിയേരി

keralam-nale കേരളം നാളെ ഉച്ചകോടിയിലെ ‘കേരള വികസനം ഒത്തൊരുമയുടെ രാഷ്ട്രീയം’ സംവാദത്തിൽ ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസ് സംസാരിക്കുന്നു. മനോരമ ന്യൂസ്, ഡയറക്ടർ ന്യൂസ് ജോണി ലൂക്കോസ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിളള, കെപിസിസി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ വേദിയിൽ.

തിരുവനന്തപുരം ∙ കേരളത്തിൽ അനാവശ്യ ഹര്‍ത്താലുകള്‍ നടത്തുന്നതിനെതിരെ മുന്നണികള്‍. എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തുന്ന സമീപനം മാറണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ടൂറിസം മേഖലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്.

മലയാള മനോരമയും മനോരമ ന്യൂസും സംയുക്തമായി സംഘടിപ്പിച്ച ‘കേരളം നാളെ’ വികസന ഉച്ചകോടിയില്‍ ‘കേരള വികസനം –ഒത്തൊരുമയുടെ രാഷ്ട്രീയം’ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എപ്പോഴും ഹര്‍ത്താല്‍ നടത്തുന്ന രീതി എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ സമന്വയ നിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്.

കോടിയേരി ബാലകൃഷ്ണന്‍

keralamnale-kodiyeri കേരളം നാളെ ഉച്ചകോടിയിലെ ‘കേരള വികസനം ഒത്തൊരുമയുടെ രാഷ്ട്രീയം’ സംവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നതു ജനനന്മയ്ക്കായാണ്. പാര്‍ട്ടികള്‍ അധികാരം നിലനിര്‍ത്തുന്നതും പിടിച്ചെടുക്കുന്നതും അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനതാല്‍പര്യം സംരക്ഷിക്കാനാണ്. വര്‍ഗപരമായ സമൂഹത്തില്‍ ഈ താല്‍പര്യ സംരക്ഷണം തുടരും. അതിന്റെ ഭാഗമായാണ് അധികാരം നിലനിര്‍ത്താന്‍ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. രാജ്യതാല്‍പര്യവും ജനതാല്‍പര്യവുമാണു പാര്‍ട്ടികള്‍ക്കു മുഖ്യം.

അത്യന്തികമായി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സംസ്ഥാനത്തിന്റെ, ജനത്തിന്റെ താല്‍പര്യത്തിനായാണു നില്‍ക്കുന്നത്. രാഷ്ട്രീയം മാറ്റിവച്ചാണ് പ്രളയസമയത്ത് കേരളം ഒറ്റക്കെട്ടായി നിന്നത്. ആ മാതൃക കാണിക്കാന്‍ കഴിഞ്ഞത് ജനങ്ങളുടെ രാഷ്ട്രീയബോധം കാരണമാണ്. രാഷ്ട്രീയ രംഗത്തും നവോത്ഥാനം വേണം. പണ്ടത്തെപോലെ അരാജകത്വ നിലപാടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുടരുന്നില്ല. സംസ്ഥാനത്തിന്റെ കാര്യമെടുത്താല്‍ ഏതിനും ഹര്‍ത്താലാണ്.

ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടക്കുന്ന സംസ്ഥാനമാണു കേരളം. ഇതു എങ്ങനെ ഒഴിവാക്കാമെന്ന് ആലോചിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ നടത്താം. പക്ഷേ, എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തുന്നത് ഒഴിവാക്കണം. ടൂറിസം മേഖലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങളിലെങ്കിലും പാര്‍ട്ടികള്‍ തമ്മില്‍ സമന്വയം ഉണ്ടാക്കാന്‍ കഴിയണം.

മതനിരപേക്ഷ അടിത്തറ നിലനിര്‍ത്താന്‍ സംസ്ഥാനത്തിനു കഴിയണം. സമൂഹത്തെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന സന്ദര്‍ഭത്തില്‍ ഐക്യമുണ്ടാക്കാനാണു വനിതാ മതില്‍. അതു കേരളത്തെ മുന്നോട്ടു നയിക്കാനാണ്. ജനത്തിന് ഐക്യമില്ലെങ്കില്‍ ഒരു പാലവും നിര്‍മിക്കാന്‍ കഴിയില്ല. എല്ലാ ജാതിക്കാരും ഈ മുന്നേറ്റത്തിന്റെ ഭാഗമാണ്.

മുല്ലപ്പള്ളി രാമചന്ദ്രന്‍

keralamnale-mullap കേരളം നാളെ ഉച്ചകോടിയിലെ ‘കേരള വികസനം ഒത്തൊരുമയുടെ രാഷ്ട്രീയം’ സംവാദത്തിൽ കെപിസിസി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സംസാരിക്കുന്നു.

വികസനത്തിന്റെ കാര്യത്തില്‍ സമന്വയ നിലപാടാണു കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോടൊപ്പം സഞ്ചരിച്ചു, ഐക്യത്തിന്റെ സന്ദേശം കൊടുത്തു. നെഗറ്റീവ് സമീപനം ഉണ്ടായിട്ടില്ല. നല്ല കാര്യങ്ങള്‍ ചെയ്താല്‍ കോണ്‍ഗ്രസ് പിന്താങ്ങിയിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഭരണം സ്തംഭിപ്പിക്കാന്‍ പാര്‍ട്ടികള്‍ ശ്രമിക്കാറുണ്ട്.

അതില്‍നിന്ന് മാറ്റം ഉണ്ടായില്ലെങ്കില്‍ സംസ്ഥാനത്തിനു മുന്നോട്ടു പോകാന്‍ കഴിയില്ല. നവോത്ഥാന മൂല്യങ്ങളുടെ േപരില്‍ മതിലുകള്‍ സൃഷ്ടിക്കുന്നു. ഇപ്പോഴത്തെ മുന്‍ഗണന പ്രളയാനന്തര കേരളത്തിന്റെ നിര്‍മിതിക്കാണ്. അതു പലപ്പോഴും മറക്കുന്നു.

പി.എസ്.ശ്രീധരന്‍പിള്ള

keralamnale-ps കേരളം നാളെ ഉച്ചകോടിയിലെ ‘കേരള വികസനം ഒത്തൊരുമയുടെ രാഷ്ട്രീയം’ സംവാദത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിളള സംസാരിക്കുന്നു.

സമസ്ത മേഖലയിലും വിവാദത്തിനാണു സമൂഹത്തിനു താല്‍പര്യം. രാഷ്ട്രീയത്തില്‍ പോസിറ്റീവായി കാര്യങ്ങള്‍ കാണണം. വര്‍ഗസമരം തത്വശാസ്ത്രമാണ്. പക്ഷേ രാഷ്ട്രീയത്തില്‍ സമന്വയമാണു വേണ്ടത്. സമ്പന്നനായ അലിബാബയ്ക്കു ചൈനയില്‍ പാര്‍ട്ടി അംഗത്വം നല്‍കാമെങ്കില്‍ ഇവിടെ സ്റ്റാലിനിസ്റ്റ് നിലപാടുകള്‍ മുറുകെ പിടിച്ചുള്ള വര്‍ഗസമരത്തിന് എന്തു കാര്യം? ബിജെപി മെച്ചമെന്നല്ല പറയുന്നത്.

കൃഷി, വ്യവസായം എല്ലാത്തിലും നമ്മള്‍ പിന്നോട്ടു പോയി. മണിയോർഡര്‍ സംസ്ഥാനമായതിനാല്‍, പുറത്തുനിന്ന് പണം വരുന്നതിനാല്‍ നാം പിടിച്ചു നില്‍ക്കുന്നു. എന്തിനും ഏതിനും ഹര്‍ത്താല്‍ വേണോ എന്നതിനെ സംബന്ധിച്ച് ആലോചിക്കും. വലിയ ക്യാന്‍വാസില്‍ വരയ്ക്കേണ്ട ചിത്രമാണത്. അതിനായുള്ള ശ്രമം നടത്തണം. മാതൃകാ പ്രതിപക്ഷമായി ജനങ്ങളുടെ വിശ്വാസം നേടി അധികാരത്തില്‍ വരാനാണ് പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്.

സ്തംഭിപ്പിക്കുക, ധിക്കാര നിലപാട് സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങളിലേക്കു പാര്‍ട്ടികള്‍ പോകുന്നതു ജനാധിപത്യത്തിനു ഭൂഷണമല്ല. മതനിരപേക്ഷതയ്ക്കെതിരായ നടപടികള്‍ അന്‍പതുകളില്‍ തുടങ്ങിയതു സിപിഎമ്മാണ്. സിപിഎം നേതാക്കളെ വിവിധ സമുദായങ്ങളിലേക്കയച്ചു. ബിജെപിക്കും സിപിഎമ്മിനും നവോത്ഥാനവുമായി ഒരു ബന്ധവുമില്ല.

ശശി തരൂർ എംപി

keralamnale-main കേരളം നാളെ ഉച്ചകോടിയിലെ ‘കേരള വികസനം ഒത്തൊരുമയുടെ രാഷ്ട്രീയം’ സംവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു. മനോരമ ന്യൂസ്, ഡയറക്ടർ ന്യൂസ് ജോണി ലൂക്കോസ്, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിളള, കെപിസിസി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസ് എന്നിവർ വേദിയിൽ.

100 ദിവസം കഴിഞ്ഞിട്ടും പ്രളയാനന്തര പുനരധിവാസത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. വീട് നഷ്ടപ്പെട്ടവർക്കു പകരം വീടുനിർമിച്ചു നൽകാൻ കഴിയാത്തത് വലിയ പോരായ്മയാണ്. ജീവനോപാധി നഷ്ടപ്പെട്ട എത്ര പേർക്കു സർക്കാരിന്റെ  സഹായം എത്തിക്കാൻ കഴിഞ്ഞു. ആകെയുണ്ടായ നഷ്ടത്തിന്റെ 10% പോലും കേന്ദ്രത്തിൽനിന്ന് ഇതുവരെ ലഭിക്കാത്തതു കഷ്ടമാണ്.

ഇനി ഇങ്ങനെ അവർത്തിക്കാതിരിക്കാൻ, ഏതു ദുരന്തത്തെയും അതിജീവിക്കാൻ കഴിയുന്ന പദ്ധതികളാണു പരിഗണിക്കേണ്ടത്. പ്രളയപാത മാപ്പിങ് നിർബന്ധമായും തയാറാക്കണം. വൻകിട വ്യവസായ ശാലകൾ കേരളത്തിലേക്കു കൊണ്ടുവരാൻ പ്രയത്നിക്കുന്നതിനെക്കാൾ ഐടി, വിദ്യാഭ്യാസ, ഗവേഷണ മേഖലകളുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റുകയാണു വേണ്ടത്.

വി.കെ.മാത്യൂസ് (ഐബിഎസ് എക്സിക്യൂട്ടിവ് ചെയര്‍മാന്‍)

vk-mathews കേരളം നാളെ ഉച്ചകോടിയിലെ ‘കേരള വികസനം ഒത്തൊരുമയുടെ രാഷ്ട്രീയം’ സംവാദത്തിൽ ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസ് സംസാരിക്കുന്നു.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം പുരോഗമിച്ചു. അതിനു കാരണം സാമൂഹിക രാഷ്ട്രീയ ഇടപെടലുകളാണ്. രാഷ്ട്രീയം സംസ്ഥാന വികസനത്തെ പുറകോട്ടടിക്കുന്നതായി ഇപ്പോള്‍ തോന്നുന്നുണ്ട്. രാഷ്ട്രീയം മെറിറ്റിന് അപ്പുറം പാര്‍ട്ടികളിലേക്ക് ഒതുങ്ങി പോകുന്നു. പ്രളയം വന്ന 6 ആഴ്ച നാം നമ്മെ തന്നെ വീണ്ടെടുത്തു.

keralam-nale-leaders കേരളം നാളെ ഉച്ചകോടിയിലെ ‘കേരള വികസനം ഒത്തൊരുമയുടെ രാഷ്ട്രീയം’ സംവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിളള, കെപിസിസി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഐബിഎസ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസ് എന്നിവർ.

അതിനു ശേഷമുള്ള എട്ടാഴ്ച വീണ്ടും നമ്മള്‍ തിരിച്ചുപോയി. ഇതിനു ഒരു കാരണം രാഷ്ട്രീയ മെറിറ്റ് നോക്കാത്തതാണ്. എങ്ങനെ ഭരണത്തില്‍വരാം, ഭരണത്തില്‍ നില്‍ക്കാം എന്നാണു പാര്‍ട്ടികള്‍ നോക്കുന്നത്. അതിനു തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍ നമ്മെ പിന്നോട്ടടിക്കുന്നു, വിഭജിക്കുന്നു.