തിരുവനന്തപുരം ∙ വനിതാ മതിലിനെ എം.കെ. മുനീർ വർഗീയ മതിലെന്നു വിശേഷിപ്പിച്ചതിനെച്ചൊല്ലി നിയമസഭയിൽ ഭരണപക്ഷം ആരംഭിച്ച ബഹളം ഒടുവിൽ കയ്യാങ്കളിയിലെത്തി. വർഗീയ മതിൽ എന്ന വാക്ക് പിൻവലിക്കാതെ മുനീറിനെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഭരണപക്ഷം ഒന്നടങ്കം മുദ്രാവാക്യം വിളിച്ചു നിലയുറപ്പിച്ചതോടെ സഭ അര മണിക്കൂർ നിർത്തിവച്ചു.
തുടർന്ന് വീണ്ടും ചേർന്നപ്പോഴും മുനീറിന്റെ പ്രസംഗത്തെ ഭരണപക്ഷ അംഗങ്ങൾ തടസ്സപ്പെടുത്തിയതോടെ സ്പീക്കർ സഭാ സമ്മേളനം പിരിച്ചുവിട്ടു. തുടർന്നു പ്രതിപക്ഷ എംഎൽഎമാർ മുദ്രാവാക്യം വിളിച്ച് പുറത്തേക്കു നീങ്ങവെയാണ് പരസ്പര പ്രകോപനത്താൽ ഇരുപക്ഷവും നേർക്കുനേർ പാഞ്ഞടുത്തത്. ഉന്തും തളളുമായി സിപിഎമ്മിലെ വി. ജോയിയും മുസ്‌ലിം ലീഗിലെ പി.കെ. ബഷീറും കയ്യാങ്കളി തുടങ്ങിയതോടെ മറ്റുള്ളവരും ഓടിയെത്തി. മുതിർന്ന അംഗങ്ങൾ ഇടപെട്ടതു കാരണം കൂട്ടയടി ഒഴിവായി. ഭരണപക്ഷത്തിന്റെ പ്രതിഷേധത്തിൽ സഭ പിരിയുന്നത് അത്യപൂർവമാണ്.