തിരുവനന്തപുരം ∙ മൂന്ന് പൊലീസുകാരെ ക്രൂരമായി മർദിച്ച എസ്എഫ്ഐക്കാരായ പ്രതികളെ പിടികൂടുന്നതിൽ വീഴ്ച വരുത്തിയ കന്റോൺമെന്റ് സ്റ്റേഷൻ സിഐ എസ്.സജാദിനെ സ്ഥലംമാറ്റി. സംഭവസ്ഥലത്തുനിന്നു പ്രതികളെ പിടികൂടുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിനെത്തുടർന്നാണു തീരുമാനം. സജാദിനെ ട്രാഫിക്കിലേക്കും അവിടെ നിന്ന് സിഐ അനിൽകുമാറിന്റെ കന്റോൺമെന്റ് സ്റ്റേഷനിലേക്കും മാറ്റിനിയമിച്ചു. 12ന് വൈകിട്ട് ആറിനാണ് പാളയത്ത് പൊലീസുകാർ ആക്രമിക്കപ്പെട്ടത്. സംഭവം അറിഞ്ഞ് കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയിരുന്നു. എന്നാൽ പ്രതികളെ പിടികൂടുന്നതിന് പൊലീസ് ശ്രമിച്ചില്ലെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ.
പരുക്കേറ്റ പൊലീസുകാരായ ശരത്, വിനയചന്ദ്രൻ, അമൽ കൃഷ്ണ എന്നിവരെ ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐക്കാർ കുടുങ്ങുമെന്നു മനസ്സിലാക്കിയ സിപിഎം നേതൃത്വം സജാദുമായി സംസാരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഇടപെടലിനെത്തുടർന്നാണു രണ്ടു മണിക്കൂറിനുശേഷം മൂന്നു പൊലീസുകാരെയും ഡിസ്ചാർജ് ചെയ്തതെന്ന് ആരോപണമുണ്ട്.
ആശുപത്രിവിട്ട ശരത്തിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു പിറ്റേന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശരത്തിന്റെ മൊഴി ഇനിയും രേഖപ്പെടുത്തിയിട്ടില്ല. എസ്എഫ്ഐ നേതാവ് നിസാം അക്രമിസംഘത്തിൽ ഉണ്ടായിരുന്നുവെന്നു ശരത് മൊഴി നൽകിയെങ്കിലും ഉന്നത ഇടപെടൽ ഉള്ളതിനാൽ കേസ് എടുക്കുന്നതു വൈകിപ്പിക്കുകയാണ്. സിപിഎം–എസ്എഫ്ഐ നേതൃത്വം പ്രതിസ്ഥാനത്തായ സംഭവത്തിൽ മുഖം രക്ഷിക്കാനാണ് സിഐയെ സ്ഥലംമാറ്റിയെന്നും സേനയ്ക്കുള്ളിൽ വിമർശനം ഉണ്ട്.
ബൈക്കിൽ വന്ന എസ്എഫ്ഐ പ്രവർത്തകൻ ട്രാഫിക് നിയമം ലംഘിച്ചപ്പോൾ ട്രാഫിക് പൊലീസുകാരൻ അമൽ കൃഷ്ണ തടഞ്ഞു. പ്രകോപിതനായ എസ്എഫ്ഐ പ്രവർത്തകൻ അമൽ കൃഷ്ണയെ ആക്രമിച്ചു. റോഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രനും ശരത്തും ആക്രമണം ചെറുക്കാൻ ശ്രമിച്ചു. ഇതിനിടെ എത്തിയ എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും ചേർന്നു മൂന്നു പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
പൊലീസും സിപിഎം നേതാക്കളും തമ്മിലുള്ള ധാരണപ്രകാരം നാല് എസ്എഫ്ഐ പ്രവർത്തകർ വെള്ളിയാഴ്ച കീഴടങ്ങി. യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളായ അയിരൂപ്പാറ പ്ലാമൂട് വർണം വീട്ടിൽ ആരോമൽ (21), പ്രാവച്ചമ്പലം പകലൂർ പൊന്തക്കാട്ടുവിള വീട്ടിൽ അഖിൽ (21), ബാലരാമപുരം വഴിമുക്ക് ഹൈദർ പാലസിൽ ഹൈദർ ഷാനവാസ്(21), തിരുവല്ലം പാച്ചല്ലൂർ പാറവിള പഴവിള വീട്ടിൽ എസ്.ശ്രീജിത്ത് (21) എന്നിവരാണു കീഴടങ്ങിയത്. എന്നിട്ടും സിപിഎമ്മിനും പൊലീസിനുമെതിരെ ആരോപണങ്ങൾ അവസാനിക്കാത്തതിനാലാണ് സിഐയെ സ്ഥലംമാറ്റി പ്രശ്നത്തിന്റെ രൂക്ഷതകുറയ്ക്കാനുള്ള ശ്രമം നടക്കുന്നത്.
സിപിഎം ഭീഷണിയെന്ന് പൊലീസുകാരന്റെ അമ്മ
എസ്എഫ്ഐക്കാരുടെ മർദനമേറ്റു ചികിത്സയിൽ കഴിയുന്ന പൊലീസുകാരൻ ശരത്തിനെതിരെ സിപിഎമ്മിൽ നിന്നു ഭീഷണി ഉണ്ടെന്നു പരാതിയുമായി അമ്മയും അർബുദരോഗിയുമായ ശശികല. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്കും ഡിജിപിക്കും അവർ പരാതി നൽകി. ശക്തവും സത്യസന്ധവുമായ അന്വേഷണം വേണമെന്നു ശശികല ആവശ്യപ്പെട്ടു.