റിയാദ് ∙ ശിക്ഷാ കാലാവധി കഴിഞ്ഞവർ ഉൾപ്പെടെ 45 മലയാളികൾ അടക്കം 74 ഇന്ത്യക്കാർ സൗദിയിലെ ജിസാൻ സെൻട്രൽ ജയിലിൽ മോചനം കാത്തുകഴിയുന്നു. തൊഴിൽ നിയമലംഘനം, ലഹരിമരുന്ന് കടത്ത്, മോഷണം, സാമ്പത്തിക ക്രമക്കേട്, മദ്യം ഉണ്ടാക്കൽ, കൊലപാതകം തുടങ്ങിയ കേസുകളിൽപെട്ടവരാണ് ഇവരെന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
മലയാളികളിൽ ഭൂരിഭാഗവും യെമൻ അതിർത്തി പ്രദേശത്തുനിന്നു ലഹരി ഇല കടത്തിയ കേസിൽ പിടിയിലായവരാണ്. ചെറിയ കുറ്റകൃത്യങ്ങളിൽപെട്ടവരെ സൗദി രാജാവിന്റെ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി മോചിപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ മാസം മോചനം ലഭിച്ച 15 ഇന്ത്യക്കാരെ കോൺസുലേറ്റ് നാട്ടിലെത്തിച്ചിരുന്നു.